മൂന്നു മാസം മുമ്പ് വിവാഹം കഴിച്ചത് മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ! മധുവിധു ആഘോഷിക്കാന്‍ മരണം അവളെ അനുവദിച്ചില്ല; നെയ്‌റോബിയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരിയായ യുഎന്‍ ഉദ്യോഗസ്ഥ ശിഖയുടെ ജീവിതകഥ ലോകത്തെ നൊമ്പരപ്പെടുത്തുന്നു…

നെയ്റോബി: എത്യോപ്യയില്‍ വിമാനം തകര്‍ന്നു വീണപ്പോള്‍ അതോടൊപ്പം അവസാനിച്ചത് നിരവധി ജീവിതങ്ങള്‍ കൂടിയായിരുന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു ഇന്ത്യക്കാരിയായ യുഎന്‍ ഉദ്യോഗസ്ഥയായ ശിഖ ഗാര്‍ഗ്. മൂന്നുവര്‍ഷത്തോളം പ്രണയിച്ചശേഷം മൂന്നുമാസം മുമ്പ് വിവാഹം കഴിച്ച ശിഖ, വിമാനത്തില്‍ക്കയറിയശേഷം ആദ്യം ചെയ്തത് ഭര്‍ത്താവ് സൗമ്യ ഭട്ടാചാര്യക്ക് മെസ്സേജ് അയക്കുകയായിരുന്നു. വിമാനമിറങ്ങിയിട്ട് വിളിക്കാമെന്ന ശിഖയുടെ സന്ദേശത്തിന് മറുപടി അയക്കാന്‍ സൗമ്യക്ക് സാധിക്കുന്നതിന് മുന്നെ, വിമാനവും അവരുടെ സ്വപ്നങ്ങളും കത്തിയമര്‍ന്നു.

കെനിയയിലെ നെയ്റോബിയില്‍ യു.എന്‍. യോഗത്തിനുപോകുന്നതിനുവേണ്ടിയാണ് ശിഖ ദുരന്തത്തില്‍പ്പെട്ട വിമാനത്തില്‍ യാത്ര ചെയ്തത്. സൗമ്യയും ശിഖയ്ക്കൊപ്പം നയ്റോബിയിലേക്ക് പോകാനിരുന്നതായിരുന്നു. അവസാന നിമിഷം യാത്രാപദ്ധതികള്‍ മാറ്റിവെച്ചതോടെ, സൗമ്യ ന്യൂഡല്‍ഹിയില്‍ത്തന്നെ തങ്ങി. മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയായിരുന്നുവെന്ന് സൗമ്യ പറഞ്ഞു.

‘ഞാന്‍ വിമാനത്തില്‍ക്കയറി, ലാന്‍ഡ് ചെയ്തശേഷം വിളിക്കാം’ എന്നായിരുന്നു ശിഖയുടെ സന്ദേശം. എന്നാല്‍ അതിനു മറുപടി അയയ്ക്കുന്നതിനു മുമ്പേ സൗമ്യയുടെ ഫോണില്‍ ആ ദുരന്തവാര്‍ത്തയെത്തി. ശിഖ നെയ്റോബിയില്‍നിന്ന് തിരിച്ചെത്തിയശേഷം മധുവിധു ആഘോഷിക്കാന്‍ പോകാനിരിക്കുകയായിരുന്നു ഇരുവരും. യു.എന്നിന്റെ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ശിഖ നെയ്റോബിയിലേക്ക് പോയത്.

ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടന്റായ ശിഖ 2015-ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിക്കായുള്ള ചര്‍ച്ചകളിലും പങ്കെടുത്തിരുന്നു. കരിയറിന്റെ ഔന്നത്യത്തില്‍നില്‍ക്കെയാണ് ശിഖയെ വിമാനദുരന്തത്തിന്റെ രൂപത്തില്‍ മരണം കൂട്ടിക്കൊണ്ടുപോയത്. ശിഖയുടെ കുടുംബാംഗങ്ങളെ വിളിച്ച് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. എത്യോപ്യയിലെ അഡിസ് അബാബയില്‍നിന്ന് ഞായറാഴ്ച പുലര്‍ച്ച പറന്നുയര്‍ന്നയുടെനെയാണ് ബോയിങ് 737 മാക്സ് എട്ട് വിമാനം ദുരന്തത്തില്‍പ്പെട്ടത്. 35 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു വിമാനത്തിലെ യാത്രക്കാര്‍. ബോയിങ് 737 മാക്സ് എട്ട് വിമാനത്തിന്റെ സുരക്ഷയെക്കുറിച്ചും ഈ അപകടം ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനവും ബോയിങ് 737 മാക്സ് എട്ട് വിഭാഗത്തില്‍പ്പെട്ടതായിരുന്നു. ലോക മാധ്യമങ്ങളെല്ലാം ഈ യുവ ഉദ്യോഗസ്ഥയുടെ ജീവിതകഥ വളരെ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.

Related posts