ഇന്തോനേഷ്യയില്‍ അമിത ജോലി ഭാരം ജീവനെടുത്തത് 300 ലധികം ഉദ്യോഗസ്ഥരുടെ! വില്ലനായത് തളര്‍ച്ചയും ഹൃദയാഘാതവും; റിപ്പോര്‍ട്ടുകളില്‍ വിശദമാക്കുന്നതിങ്ങനെ

ചില രാജ്യങ്ങള്‍ അവരുടെ രാജ്യത്തെ തൊഴിലാളികളെ എല്ലുമുറിയെ പണിയെടുപ്പിക്കുന്നതില്‍ ഹരം കണ്ടെത്തുന്നവരാണ്. അതുമൂലം ഏറെ മാനസിക സമ്മര്‍ദങ്ങള്‍ അനുഭവിക്കുന്നവരും ഉണ്ട്. സമാനമായ രീതിയില്‍ ഇന്തോനേഷ്യയില്‍ നിന്ന് പുറത്തു വരുന്ന ഒരു വാര്‍ത്ത ഈ വിഷയത്തിലെ ഭീകരതയെ എടുത്ത് കാണിക്കുന്നതാണ്.

ഇന്തോനേഷ്യയില്‍ അമിത ജോലി ഭാരം മൂലം മരിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ എണ്ണം 300 കടന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശ്രമമില്ലാതെ ജോലിയെടുക്കേണ്ടി വന്നതാണ് ഇത്രയും ആളുകളുടെ മരണത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 311 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഇതു വരെ മരിച്ചത്. തളര്‍ച്ചയും ഹൃദയാഘാതവുമാണ് മിക്കവരുടെയും ജീവനെടുത്തത്. 2232 പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

പോളിംഗിന് മുന്നോടിയായുള്ള നടപടി ക്രമങ്ങള്‍ മുതല്‍ ദശലക്ഷക്കണക്കിന് ബാലറ്റ് പേപ്പറുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് വരെയുള്ള അധ്വാനവും മതിയായ വിശ്രമം ലഭിക്കാത്തതുമാണ് അപകടത്തിലേക്ക് നയിച്ചത്. റിസര്‍വ് ജീവനക്കാര്‍ ഇല്ലാതിരുന്നതും ജീവനക്കാരുടെ ജോലിഭാരം കൂട്ടി. നിരവധി താല്‍കാലിക ജീവനക്കാരെ തെരഞ്ഞെടുപ്പ് ജോലിക്ക് മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ നിയമിച്ചതും വിനയായി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ വേതനം നഷ്ട പരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 19 കോടി എട്ട് ലക്ഷം വോട്ടര്‍മാര്‍ക്കായി 60 ലക്ഷം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി പ്രസിഡന്റ് തെരഞ്ഞെടുപ്പ്, തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എന്നിവ ഏപ്രില്‍ 17 ന് ഒന്നിച്ചാണ് നടത്തിയത്.

Related posts