കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിനിമാ നടന്‍ എന്ന് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ! ഇത്തവണ 1750 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ എത്തിച്ചെന്ന് പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്; ഇന്നസെന്റ് പറയുന്നു

ഏറെ വിലവയ്ക്കലുകള്‍ക്ക് ശേഷം പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരം ചാലക്കുടി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് ജനവിധി തേടാന്‍ കച്ചകെട്ടിയിരിക്കുകയാണ് സിറ്റിംഗ് എംപിയും നടനും കൂടിയായ ഇന്നസെന്റ്. ഇത്തവണ മത്സരിക്കാനില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച ഇന്നസെന്റ് വീണ്ടും ജനവിധി തേടുന്നതിനോട് ബഹുഭൂരിപക്ഷം ആളുകള്‍ക്കും എതിര്‍പ്പാണുള്ളത്. പാര്‍ലമെന്റില്‍ ഇരുന്ന് താന്‍ ബോറടിച്ചെന്നും പലപ്പോഴും ഉറക്കമാണ് പതിവെന്നും ഇന്നസെന്റ് പലപ്പോഴും തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. അതിനെല്ലാം ശേഷം വീണ്ടും ലോക്‌സഭയിലേയ്ക്ക് മത്സരിക്കുന്നതാണ് പലര്‍ക്കും അതൃപ്തി ഉണ്ടാക്കിയിരിക്കുന്നത്.

ഏതായാലും പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഇന്നസെന്റിന്റെ പ്രചരണ സമയത്തെ ചില വാക്കുകളാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ സിനിമാ നടന്‍ എന്ന പേരിലാണ് പ്രചരണം നടത്തിയത്. പക്ഷേ ഇത്തവണ രാഷ്ട്രീയ നേതാവ് എന്ന പേരില്‍ തന്നെയാണ് താന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ ഞാന്‍ സഖാവ് ഇന്നസെന്റാണ്. ആദ്യം മത്സരിച്ചപ്പോള്‍ കുടയായിരുന്നു ചിഹ്നം. എന്റെ അരികിലേക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം എന്നാണ് വരികയെന്ന് ആഗ്രഹിച്ചു. ഇത്തവണ സിപിഎം ചിഹ്നത്തിലാണ് മത്സരം. ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കവെയാണ് ഇന്നസെന്റ് വാചാലനായത്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു സിനിമ നടന്‍ എന്നു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഇത്തവണ 1750 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ കൊണ്ടു വരാനായത് അഭിമാനത്തോടെ പറയാനുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. ഇന്ത്യക്കാരനെന്നു തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ട അവസ്ഥയാണ് നാട്ടിലെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തെ കൃഷിയും വ്യവസായവും തകര്‍ന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു. ചെറുകിടക്കാര്‍ കടക്കെണിയിലായെന്നും മന്ത്രി പറഞ്ഞു.

Related posts