ഭരണം പാടേമാറിയില്ലേ..!കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വീണ്ടും രാഷ്ട്രീയ തടവുകാരുടെ പിടിയില്‍

kannur-jailകണ്ണൂര്‍: കുറച്ചുകാലത്തെ ഇടവേളയ്ക്കുശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരണം വീണ്ടും രാഷ്ര്ടീയ തടവുകാര്‍ കൈയടക്കുന്നുവെന്ന് ആക്ഷേപം. സെന്‍ട്രല്‍ ജയിലുകളിലെ ചപ്പാത്തി, ബിരിയാണി യൂണിറ്റുകളില്‍ ജോലിചെയ്യുന്നത് തടവുകാരാണെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇവരുടെമേല്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ മാസങ്ങളായി നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണ്. തടവുകാര്‍ക്ക് അവര്‍ പറയുന്നതുപ്രകാരം ബിരിയാണിയും ഐസ്ക്രീമും മറ്റും എത്തിച്ചുകൊടുക്കേണ്ട അവസ്ഥവരെ അടുത്തനാളില്‍ ഉണ്ടായിട്ടുണ്ട്്. ജയിലിലെത്തുന്ന ബീഡിയടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ക്കു മുന്നിലും പലപ്പോഴും ജീവനക്കാര്‍ക്ക് കണ്ണടയ്‌ക്കേണ്ട അവസ്ഥയാണ്.

ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചില രാഷ്ര്ടീയ തടവുകാരുടെ നിയന്ത്രണത്തിലായിരുന്നു. രാഷ്ര്ടീയ നേതാക്കളും രക്തസാക്ഷികളും ബലിദാനികളും ജയിലുകളുടെ ചുമരുകളില്‍ നിറഞ്ഞ കാലമുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജയില്‍വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ജയിലിനകത്ത് പ്രശ്‌നം സൃഷ്ടിക്കുകയും ഭരണം കൈയാളുകയും ചെയ്തിരുന്ന രാഷ്ര്ടീയതടവുകാരെ നിയന്ത്രിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും നിലവിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗത്തേയും സ്ഥലംമാറ്റുകയും ചെയ്തതോടെ രാഷ്ര്ടീയതടവുകാര്‍ വീണ്ടും തങ്ങളുടെ പഴയ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങിയതെന്നാണ് ആരോപണം. ജീവനക്കാര്‍ക്കു നേരെ ഭീഷണിയുടെ സ്വരങ്ങളും ഉയര്‍ന്നുതുടങ്ങിയതായി പരാതി ഉയരുന്നുണ്ട്.

യുഡിഎഫ് അനുകൂലികളായ കേരള ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജീവനക്കാരെ വിദൂരങ്ങളിലേക്കാണ് സ്ഥലംമാറ്റിയത്. സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, സംസ്ഥാന പ്രസിഡന്റ് ഏലിയാസ് എന്നിവരെ സ്ഥലംമാറ്റിയ നടപടി കോടതി ഒരു മാസത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.

മണികണ്ഠനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍നിന്ന് എറണാകുളം ബോര്‍സ്റ്റല്‍ സ്കൂളിലേക്കും എറണാകുളം ജയിലിലുണ്ടായിരുന്ന ഏലിയാസിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയ നടപടിയാണ് താത്കാലികമായി മരവിപ്പിച്ചത്. രാഷ്ര്ടീയ വിരോധം വച്ച് ഒരു ജീവനക്കാരനേയും സ്ഥലംമാറ്റുകയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് അനുകൂലികളായ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതായാണ് ആരോപണം. ഇത് ജയിലിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ഒരുവിഭാഗം ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ജയില്‍ നവീകരണമടക്കമുള്ള കാര്യങ്ങള്‍ വിശദമായ പഠിക്കുന്നതിന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ നിയോഗിച്ചത് ഏറെ പ്രതീക്ഷയോടെയാണ് രാഷ്ര്ടീയവ്യത്യാസമില്ലാതെ ജീവനക്കാരും ഉദ്യോഗസ്ഥരും കാണുന്നത്. അലക്‌സാണ്ടര്‍ ജേക്കബിന്റെ നിര്‍ദേശങ്ങള്‍ ജയിലിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് വഴിതെളിക്കുമെന്ന് ഇവര്‍ പ്രത്യാശിക്കുന്നു.

Related posts