അതിരമ്പുഴ: മനോരോഗ ചികിത്സയിലെ സാമ്പ്രദായിക രീതികളെ അതിലംഘിച്ച ലോകോത്തര മനോരോഗ ചികിത്സാ വിദഗ്ധനായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ജയിംസ് പോൾ പണ്ടാരക്കളം. ഇംഗ്ലണ്ടിലെ 5 ബറോസ് പാർട്ണർഷിപ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനൊപ്പം പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
പാരാസൈക്കോളജി, ഇന്ദ്രിയാതീത ബോധാവസ്ഥകൾ, ആത്മീയത തുടങ്ങിയവയുമായി സാമ്പ്രദായിക മനോരോഗ ചികിത്സാ രീതികളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ. മനസിനെ ലഘൂകരിച്ചു കാണുന്ന സമീപനത്തെ അദ്ദേഹം വെല്ലുവിളിച്ചു. കേവലം ഭൗതികമായ മാതൃക ഉപയോഗിച്ച് ആത്മനിഷ്ഠമായ മനുഷ്യ ഭാവങ്ങളെ വിശദീകരിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മെജുഗോറിയയിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലും അത്ഭുത രോഗശാന്തിയും ഡോ. ജയിംസ് പോൾ പണ്ടാരക്കളം പഠനവിധേയമാക്കി. മരണത്തോടടുത്ത അനുഭവങ്ങൾ, ബോധതലത്തിന്റെ സൂക്ഷ്മാവസ്ഥ, പുനർജനി, ന്യൂറോ ക്വാണ്ടോളജി തുടങ്ങിയ വിഷയങ്ങളിൽ അവതരിപ്പിച്ച പ്രബന്ധങ്ങൾ ശ്രദ്ധേയമായി. മനഃശാസ്ത്രം, ആധ്യാത്മികത, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ രചനകൾ ഡോ. ജയിംസ് പോളിന്റേതായി ഉണ്ട്. റോയൽ കോളജ് ഓഫ് സൈക്യാട്രി വെബ്സൈറ്റിലും എസ്എജിഇ ജേർണൽ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അദ്ദേഹത്തിന്റെ രചനകൾക്ക് ഏറെ സ്വീകാര്യതയുണ്ടായി.
ഗവേഷണങ്ങളിലൂടെയും പ്രബന്ധങ്ങളിലൂടെയും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായി 2002ൽ മാർക്വിസ് ഹു ഇസ് ഹു ഇൻ ദി വേൾഡിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തി. അമേരിക്കൻ സൊസൈറ്റി ഫോർ സയന്റിഫിക് എക്സ്പ്ലറേഷനിൽ അംഗമായിരുന്നു.
അതിരമ്പുഴ സെന്റ് അലോഷ്യസ് സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. ജയിംസ് പോൾ എസ്ബി കോളജിലെ പഠനത്തിനു ശേഷമാണ്1963 ൽ കോട്ടയം ഗവ. മെഡിക്കൽ കോളജിൽ ചേർന്നത്. 1980 ൽ വിദേശത്തു പോയ അദ്ദേഹം അയർലൻഡിലും യുകെയിലുമായി ഉന്നത പരിശീലനം പൂർത്തിയാക്കി.
നാലു പതിറ്റാണ്ടിലേറെ നീണ്ട വിദേശസേവനം പൂർത്തിയാക്കി അടുത്തിടെയാണ് അദ്ദേഹം നാട്ടിൽ തിരികെയെത്തിയത്. സംസ്കാരം ഇന്ന് 2.30ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
രാജു കുടിലിൽ