തളിപ്പറമ്പുകാര്‍ മറക്കില്ല ജയലളിതയുടെ സന്ദര്‍ശനം;രാജരാജേശ്വര ക്ഷേത്രത്തില്‍ തോഴി ശശികലയോടൊപ്പമാണ് ദര്‍ശനം നടത്തിയത്

TVM-JAYAWIDEതളിപ്പറമ്പ്: പതിനഞ്ചു വര്‍ഷം മുമ്പത്തെ ഒരു ദിവസം. 2001 ജൂലൈ ഏഴ്.  തളിപ്പറമ്പുകാര്‍ക്ക് മറക്കാനാവാത്ത ആ ദിവസമാണ് തലൈവി ജയലളിത തോഴി ശശികലയോടൊപ്പം തളിപ്പറമ്പിലെത്തിയത്. മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം രാത്രി 8.50നാണ് ജയലളിത രാജരാജേശ്വര ക്ഷേത്രക്ഷേത്രത്തിലെത്തിയത്.    പൊന്നിന്‍കുടം, പൊന്‍താലി എന്നിവ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ജയലളിത വെള്ളിക്കുടവും പ്രത്യേകമായി നല്‍കിയിരുന്നു. ജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കരും കൂടെയുണ്ടായിരുന്നു.

പണിക്കരുടെ നിര്‍ദേശപ്രകാരമാണ് ജയലളിത ക്ഷേത്രത്തില്‍ വന്നത്.  ഇതോടൊപ്പം നിരവധി വിവാദങ്ങളും ഉണ്ടായി. രാത്രി എട്ടരയ്ക്ക് അടയ്‌ക്കേണ്ട ക്ഷേത്രനട ജയലളിതക്കു വേണ്ടി ഒരു മണിക്കൂറോളം തുറന്നുവച്ചുവെന്നും ജയലളിതയ്ക്ക് കയറാനായി പടിക്കെട്ടുകള്‍ എടുത്തുമാറ്റിയെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.   ജയലളിതയുടെ സന്ദര്‍ശനത്തിന് ശേഷമാണ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്തര്‍  കൂടുതലായി എത്തിത്തുടങ്ങിയത്.

തമിഴ്‌നാട്ടില്‍ നിന്നും നിത്യേന നൂറുകണക്കിന് ഭക്തരാണ് ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നത്.  ജയലളിതയുടെ വാഹനവ്യൂഹം ദേശീയപാതയില്‍ നിര്‍ത്തി വാഹനതടസം ഉണ്ടാക്കിയതിനെതിരേ കര്‍ശനമായി ഇടപെട്ട അന്നത്തെ കണ്ണൂര്‍ ഡിഐജി വില്‍സണ്‍ എം.പോളും അന്നു വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ക്ഷേത്ര പൂജാരികള്‍ക്കും പരികര്‍മികള്‍ക്കും എല്ലാം പ്രത്യേകം ദക്ഷിണ നല്‍കിയ ശേഷമാണ് ജയലളിത മടങ്ങിയത്. നാല്‍പ്പത്തഞ്ച് മിനിട്ടോളം ഇവര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു.

Related posts