പഞ്ചാരയടിക്കാന്‍ വന്നയാള്‍ക്ക് ഉജ്ജ്വലമായ മറുപടി നല്‍കി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം; രസകരമായ സംഭവം ഇങ്ങനെ…

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റിംഗ് വുമണാണ് ജെമിമാ റോഡ്രിഗസ്. ബൗളര്‍മാരെ ബാറ്റ് കൊണ്ട് അടിച്ചു പറത്തുകയാണ് ജെമിമയുടെ പ്രധാനഹോബി. എന്നാല്‍ കളത്തില്‍ മാത്രമല്ല കളത്തിനു പുറത്തും താന്‍ സൂപ്പറാണെന്നു തെളിയിക്കുകയാണ് ജെമിമാ. തന്നോട് പഞ്ചാരയടിക്കാന്‍ വന്ന യുവാവിനാണ് ജെമിമയുടെ വക വെടിക്കെട്ട് മറുപടി കിട്ടിയത്.

2019 വനിതാ ട്വന്റി 20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തന്റെ ടീം സൂപ്പര്‍നോവയുടെ വിജയത്തില്‍ നിര്‍ണായകമായതും ജെമിമയുടെ പ്രകടനമായിരുന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിനു ശേഷമാണ് ഒരാള്‍ ട്വിറ്ററില്‍ ജെമിമയെ ഇഷ്ടമാണെന്ന് പറഞ്ഞ് രംഗത്തെത്തിയത്. ‘ എനിക്ക് ജെമിമയെ ഇഷ്ടമാണ്. ക്യൂട്ടാണ്. നിങ്ങള്‍ ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ? എന്നായിരുന്നു താരത്തെ ടാഗ് ചെയ്ത് ഇയാളുടെ ട്വീറ്റ്.

ഇതിന് ജെമിമ നല്‍കിയ മറുപടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ‘ഈ മത്സരത്തിനു ശേഷമാണോ? തീര്‍ച്ചയായും ഞാന്‍ വനിതാ ക്രിക്കറ്റിന് ശോഭനമായ ഒരു ഭാവി കാണുന്നു’ എന്നായിരുന്നു ജെമിയയുടെ മറുപടി. വനിതാ ട്വന്റി 20 ചലഞ്ച് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് 123 റണ്‍സാണ് ജെമിയ നേടിയത്. വെലോസിറ്റിക്കെതിരേ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 48 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത ജെമിമയുടെ പ്രകടനം പ്രശംസ പിടിച്ചു പറ്റിയിരുന്നു.

Related posts