ഒടുവില്‍ പലരും ഭയപ്പെട്ടിരുന്നത് സംഭവിക്കുന്നു ! ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ കുത്തുപാളയെടുപ്പിക്കാന്‍ ജിയോ ഹോം ടിവി എത്തുന്നു; അംബാനിയുടെ പുതിയ കളി ഇങ്ങനെ…

ജിയോയിലൂടെ മറ്റു ടെലികോം കമ്പനികളെ കുത്തുപാളയെടുപ്പിച്ച മുകേഷ് അംബാനിയുടെ അടുത്ത നീക്കം ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ പ്രമുഖ ഡിടിഎച്ച്,കേബിള്‍ സേവനധാതാക്കളെ. ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനം വൈകാതെ തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും എത്തും. മാസങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി അവതരിപ്പിച്ച ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന സേവനങ്ങള്‍, നിരക്കുകള്‍ എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഡിടിഎച്ചിന് പകരമായി മുകേഷ് അംബാനിയുടെ കമ്പനി ജിയോ ഹോം ടിവി എന്ന സര്‍വീസ് തുടങ്ങുമെന്നാണ്.

ഡിടിഎച്ച്, കേബിള്‍ സര്‍വീസുകളേക്കാള്‍ മികച്ച ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന സേവനമായിരിക്കും ജിയോ ഹോം ടിവിയിലൂടെ നല്‍കുക. വിപണിയിലെ ഏറ്റവും പുതിയ ടെക്‌നോളജിയുടെ ഔദ്യോഗിക അവതരിപ്പിക്കല്‍ കൂടിയാകും ജിയോ ഹോം ടിവി. ജിയോ ഹോം ടിവി നിലവിലെ ഡിടിഎച്ച്, കേബിള്‍ സര്‍വീസുകള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജിനൊപ്പം സൗജന്യമായാണ് ജിയോ ഹോം ടിവി നല്‍കുക. ഗിഗാഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്കെല്ലാം ജിയോ ഹോം ടിവിയും ഉപയോഗിക്കാം. ഡിടിഎച്ച്, കേബിള്‍ ടെക്‌നോളജികളില്‍ നിന്ന് ഏറെ മാറ്റമുണ്ടാകും. ഐപിടിവി സര്‍വീസ് രൂപത്തിലാണ് ജിയോ ഹോം ടിവി ലഭിക്കുക. അതായത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ മാത്രമെ ചാനലുകള്‍ കാണാന്‍ സാധിക്കൂ.

ജിയോ ഹോം ടിവിയുടെ സഹായത്തോടെ വോയിസ്, വിഡിയോ കോളുകള്‍ ചെയ്യാനാകും. സ്മാര്‍ട് ടിവിയാണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ ഫീച്ചറുകള്‍ ലഭിക്കും. ജിയോ ഹോം ടിവി വഴി 600 ല്‍ കൂടുതല്‍ ലൈവ് ചാനലുകളാണ് ഓഫര്‍ ചെയ്യുന്നത്. ഒരു മാസം ജിയോ സര്‍വീസുകള്‍ ഉപയോഗിക്കാന്‍ 100 ജിബി ഡേറ്റ മതിയാകുമെന്നാണ് കരുതുന്നത്. 600 രൂപയ്ക്കാണ് ഗിഗാഫൈബര്‍ സേവനങ്ങള്‍ നല്‍കുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിയോ ഗിഗാഫൈബറിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനി തീരുമാനിക്കുമ്പോള്‍ എതിരാളികള്‍ സ്തബ്ദരായിരിക്കുകയാണ്.

കേബിള്‍ ടിവിയും അദ്ദേഹത്തിന്റെ ബ്രോഡ്ബാന്‍ഡിലൂടെ എത്തിക്കുകയാണ്. എതിരാളികള്‍ ജിയോ നല്‍കുന്ന നിരക്കിലോ, അതില്‍ താഴ്ത്തിയോ നല്‍കിയാല്‍ മാത്രമെ പിടിച്ചു നില്‍ക്കൂവെന്നു വരുമ്പോള്‍ പല ചെറുകിട കമ്പനികള്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. വിദേശത്ത് ആമസോണ്‍ പയറ്റിയ തന്ത്രമാണ് അംബാനി ഇന്ത്യയില്‍ പയറ്റുന്നത്. ജിയോ ടെലികോം തന്നെ ഉദാഹരണം

ജിയോയുടെ അടുത്ത ലക്ഷ്യം ഒരു ജിയോ പരിസ്ഥിതി (Jio ecosystem) ഇന്ത്യയില്‍ സൃഷ്ടിക്കാനാണെന്നു പറയുന്നു. സ്മാര്‍ട് ടിവി, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ജിയോ ഫൈബര്‍ (1,100 നഗരങ്ങളില്‍) എന്നിവയാണ് ജിയോ ഉടനടി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. കുറഞ്ഞത് അഞ്ചു കോടി ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ തങ്ങളുടെ കുടക്കീഴില്‍ കൊണ്ടുവരാനാണ് അവര്‍ ശ്രമിക്കുന്നത്. റീട്ടെയില്‍ സെക്ടര്‍, ഓണ്‍ലൈന്‍ വ്യാപാരം, ബാങ്കിങ് തുടങ്ങി ജിയോയ്ക്ക് താത്പര്യമില്ലാത്ത മേഖലകള്‍ കണ്ടുപിടിക്കാന്‍ വിഷമമായിരിക്കും. എതിരാളികളെ ഈ വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ ആസ്വദിക്കുന്നതിനെക്കാള്‍ കൂടുതല്‍ നല്ല സേവനങ്ങള്‍ വില കുറച്ച് ആസ്വദിക്കാം എന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഈ വാര്‍ത്ത ആവേശം പകരും. എന്നാല്‍ വരുംകാലങ്ങളില്‍ എന്തു സംഭവിക്കുമെന്ന് അംബാനിയ്ക്കു മാത്രമേ അറിയൂ…

Related posts