ഡബ്ല്യു.എച്ച്.ഒയുടെ അന്വേഷണത്തില്‍ കോവിഡ് കേസില്‍ ‘കൂടുതല്‍ പ്രതികള്‍’ ! ഈനാംപേച്ചിയും പൂച്ചയും നീര്‍നായയും വവ്വാലിനൊപ്പം പ്രതിപ്പട്ടികയില്‍…

കോവിഡ്-19ന്റെ ഉത്ഭവം വവ്വാലില്‍ നിന്നാണെന്ന് പുതിയ റിപ്പാര്‍ട്ട്. ലോകാരോഗ്യ സംഘടനും(ഡബ്ല്യു.എച്ച്.ഒ)യും ചൈനയും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വൈറസ് വവ്വാലില്‍ നിന്ന് മറ്റേതോ മൃഗം വഴി മനുഷ്യരിലെത്തിയതാകാമെന്നും ലാബില്‍ നിന്നു ചോരാന്‍ ഒരു സാധ്യതയുമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ചൈനയിലെ ലാബില്‍നിന്നു കൊറോണ െവെറസ് ചോര്‍ന്നതാകാമെന്ന നിഗമനങ്ങള്‍ പാടേ തള്ളുന്ന ഗവേഷകര്‍, അതൊഴികെ മറ്റു സാധ്യതകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നു നിര്‍ദേശിക്കുന്നു.

ഔദ്യോഗികമായി പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടാണു വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് (എ.പി) പുറത്തുവിട്ടത്.

ഏതാനും ദിവസങ്ങള്‍ക്കകം പ്രസിദ്ധീകരിക്കാവുന്ന വിധത്തില്‍ റിപ്പോര്‍ട്ട് തയാറാണെന്നു കഴിഞ്ഞയാഴ്ച ഡബ്ല്യു.എച്ച്.ഒ. വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പഴി ഒഴിവാക്കാന്‍ ചൈന ഇടപെട്ടാണു റിപ്പോര്‍ട്ട് വൈകിക്കുന്നതെന്നും അഭ്യൂഹമുയര്‍ന്നിരുന്നു.

ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഡബ്ല്യു.എച്ച്.ഒയിലെ ഒരു അംഗരാജ്യത്തിന്റെ പ്രതിനിധിയില്‍നിന്നാണ് എ.പിക്കു റിപ്പോര്‍ട്ട് ചോര്‍ന്നുകിട്ടിയത്.

അന്തിമ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവരുമ്പോള്‍ കണ്ടെത്തലുകളില്‍ വ്യത്യാസമുണ്ടാകുമോയെന്നു വ്യക്തമല്ല.

സാര്‍സ്‌കോവ് 2 വൈറസിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ചു നാല് സാധ്യതകളാണു ഗവേഷകര്‍ മുന്നോട്ടുവച്ചത്. രണ്ടാമതൊരു മൃഗത്തിലൂടെ രോഗം പകരാനുള്ള സാധ്യതയ്ക്കാണു മുന്‍തൂക്കം.

വവ്വാലില്‍നിന്നു നേരിട്ടു മനുഷ്യനിലേക്കു വൈറസ് എത്താന്‍ കുറഞ്ഞ സാധ്യതയാണു കല്‍പ്പിക്കപ്പെടുന്നതെങ്കിലും ശീതീകൃത ഭക്ഷ്യവസ്തുക്കളിലൂടെ വൈറസ് പകരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

കോവിഡ്-19 രോഗകാരിയായ വൈറസിനോട് ഏറ്റവും സാമ്യമുള്ള വൈറസിനെ വവ്വാലുകളില്‍ കണ്ടെത്തിയിരുന്നു.

വവ്വാലില്‍ കണ്ടെത്തിയ വൈറസില്‍നിന്നു കൊറോണ വൈറസിലേക്കുള്ള പരിണാമത്തിനു ദശാബ്ദങ്ങളെടുത്തതായും ഇതിനിടെ നഷ്ടപ്പെട്ട ഒരു ”കണ്ണി”യുണ്ടെന്നുമാണു ഗവേഷകരുടെ നിഗമനം.

സമാനമായ വൈറസിനെ ഈനാംപേച്ചിയിലും കണ്ടെത്തി. നീര്‍നായയും പൂച്ചയും കൊറോണ വൈറസിനു വഴങ്ങുന്നവയാണ്. അതുകൊണ്ടുതന്നെ വവ്വാലിനും മനുഷ്യനുമിടയില്‍ ഇവ വാഹകരാകാന്‍ സാധ്യതയുണ്ട്.

രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ലോകാരോഗ്യസംഘടനയുടെ വിദഗ്ധസംഘം നടത്തിയ സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

റിപ്പോര്‍ട്ടിന്റെ അന്തിമരൂപമായി വരുന്നതേയുള്ളൂവെന്നും വിവര്‍ത്തനവും അവസാനഘട്ടത്തിലാണെന്നും വിദഗ്ധസംഘത്തലവന്‍ പീറ്റര്‍ ബെന്‍ എംബരേക് വെളിപ്പെടുത്തിയിരുന്നു.

വുഹാനിലെ സമുദ്രോത്പന്ന വ്യാപാരകേന്ദ്രമാണോ വൈറസിന്റെ പ്രഭവസ്ഥാനമെന്ന കാര്യത്തില്‍ കരട് റിപ്പോര്‍ട്ട് വ്യക്തത വരുത്തുന്നില്ല.

കോവിഡിന്റെ ആഗോളവ്യാപനമുണ്ടായ ഘട്ടത്തില്‍, രാജ്യത്തേക്കു വരുന്ന ചില ശീതീകൃത ഭക്ഷ്യോത്പന്നങ്ങളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന അവകാശപ്പെട്ടിരുന്നു.

ശീതീകൃത ഭക്ഷ്യവിപണനശൃംഖലയിലൂടെ വൈറസ് പടരാമെങ്കിലും അതാണു രോഗം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന അഭ്യൂഹം റിപ്പോര്‍ട്ട് തള്ളുന്നു.

മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു വായുവിലൂടെ വൈറസ് പകരാനുള്ള സാധ്യതയേക്കാള്‍ കുറഞ്ഞ സാധ്യതയാണിതിനു കല്‍പ്പിക്കപ്പെടുന്നത്. എന്തായാലും പുതിയ റിപ്പോര്‍ട്ടിനു മേല്‍ സംശയങ്ങളും ഉയരുകയാണ്.

Related posts

Leave a Comment