എനിക്ക് പറയാന്‍ ഒരു ഷട്ടറെങ്കിലും ഉണ്ട് താങ്കള്‍ക്കോ ? ഡോക്ടര്‍ ബിജു പറയുന്ന ജാതിഅധിക്ഷേപക്കഥ ശുദ്ധനുണ; ഡോക്ടര്‍ ബിജുവിന് കുറിയ്ക്ക് കൊള്ളുന്ന മറുപടി കൊടുത്ത് ജോയ് മാത്യു…

കോഴിക്കോട്: തനിക്കു നേരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ഡോ.ബിജുവിനെ പൊളിച്ചടുക്കി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ജോയ് മാത്യു രംഗത്ത്. തന്റെ ചിത്രത്തിന് പുരസ്‌ക്കാരം ലഭിക്കാത്തതിന് സംവിധായകന്‍ ഡോ: ബിജുവിനെ തെറിവിളിച്ചുവെന്നത് തെറ്റാണ്. അവാര്‍ഡ് കിട്ടാത്തതിനല്ല, മറിച്ച് അവാര്‍ഡ് അര്‍ഹിക്കുന്ന തന്റെ ഷട്ടറെന്ന സിനിമ ദേശീയ പുരസ്‌ക്കാരത്തിന് അയക്കാതിരുന്നതിന്റെ കാരണം തിരക്കി റീജണല്‍ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഡോ: ബിജുവിനെ വിളിച്ച് കാര്യം അന്വേഷിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ജോയ് മാത്യു പറയുന്നു.

ഷട്ടര്‍ മികച്ചൊരു സിനിമയായിരുന്നു. ആ പടത്തിന്റെ പേരിലാണ് താനിന്നും അറിയപ്പെടുന്നത്. ആ സിനിമ എന്തുകൊണ്ട് ദേശീയ പുരസ്‌ക്കാരത്തിന് അയച്ചില്ല എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായത്. ഒടുവില്‍ താങ്ക്സ് പറഞ്ഞുകൊണ്ടാണ് സംസാരം അവസാനിപ്പിച്ചത്. എന്നാല്‍ താന്‍ അദ്ദേഹത്തെ തെറി വിളിച്ചുവെന്നും ജാതീയമായി അധിക്ഷേപിച്ചന്നെും പറഞ്ഞ് ബിജു തനിക്കെതിരെ കേസ് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആര് എന്തു പറഞ്ഞുവെന്ന് കോടതി തീരുമാനിക്കട്ടെ. തനിക്ക് മികച്ചതെന്ന് പറയാന്‍ ഒരു ഷട്ടറെങ്കിലുമുണ്ട്. എന്നാല്‍ ഡോ: ബിജുവിന് ഇതുപോലെ പറയാന്‍ ഏത് സിനിമയുണ്ടെന്നും ജോയ് മാത്യു ചോദിച്ചു.

ഒരു കൂട്ടം കലാകാരന്മാര്‍ ദേശീയ അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ചതിനെ പരിഹസിച്ച് ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. അവാര്‍ഡിന് വേണ്ടിയല്ല മറിച്ച ജനങ്ങള്‍ കാണുവാന്‍ വേണ്ടിയാണ് സിനിമയുണ്ടാക്കേണ്ടത് എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. ഇതിന് മറുപടിയായി ഷട്ടറിന് ദേശീയ പുരസ്‌ക്കാരം കിട്ടാത്തതില്‍ പ്രതിഷേധിച്ച് പുരസ്‌ക്കാര ജൂറിയില്‍ ഉള്‍പ്പെട്ട തന്നെ അദ്ദേഹം തെറിവിളിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നായിരുന്ന ഡോ: ബിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആരു കൊടുക്കുന്നുവെന്നതിലല്ല മറിച്ച അവാര്‍ഡിനാണ് പ്രാധാന്യം നല്‍കേണ്ടത്. ജാതിയുടെ പേരിലുണ്ടാവുന്ന അക്രമങ്ങളുടെ പേരിലോ, വര്‍ഗീയ സംഘര്‍ഷങ്ങളുടെ പേരിലോ അവാര്‍ഡ് നിരസിച്ചിരുന്നെങ്കില്‍ അത് ഒരു നിലപാടിന്റെ കരുത്തായി അംഗീകരിക്കാമായിരുന്നു. എന്നാല്‍ നല്‍കുന്നത് ആരാണെന്ന് നോക്കി പുരസ്‌ക്കാര വിതരണ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ശരിയല്ലന്നെും ജോയ് മാത്യു പറഞ്ഞു.

അച്ചാറു കമ്പനിക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നുവെന്ന പരാമര്‍ശം ആരെയും അപമാനിക്കുന്നതല്ല. ശ്രദ്ധിക്കപ്പെടുന്ന വാക്കുകള്‍ ഉപയോഗിച്ചുവെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തന്റെ നിലപാടുകള്‍ പെട്ടിയില്‍ അടച്ചു വെയ്ക്കാനുള്ളതല്ലന്നെും തെറ്റുകള്‍ കണ്ടാല്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളിലും മാറ്റങ്ങള്‍ സംഭവിക്കും.പിണറായി വിജയനെന്ന വ്യക്തിയെ ഒരിക്കലും വിമര്‍ശിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ തനിക്ക് തോന്നിയ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ജോയ് മാത്യു പറയുന്നു.

 

 

Related posts