പി ജയരാജന്‍ കിംജോംഗ് ഉന്‍ ചമയുന്നു; എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്; കെ. സുധാകരന് പറയാനുള്ളത്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രവര്‍ത്തിക്കുന്നത് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടി വീഴ്ത്തിയത് കൃത്യമായി പരിശീലനം നേടിയ ആളാണെന്നും സുധാകരന്‍ വ്യക്തമാക്കി.

ഷുഹൈബിന്റെ മുറിവുകളുടെ സ്വഭാവം വെച്ച് വെട്ടിയത് കിര്‍മാണി മനോജാണെന്നും സിപിഎം മനോജിന് പരോള്‍ നല്‍കിയത് ഇതിനാണെന്നും കഴിഞ്ഞ ദിവസം സുധാകരന്‍ ആരോപിച്ചിരുന്നു. സംഭവം പാര്‍ട്ടി അന്വേഷിക്കട്ടെ എന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ അഭിപ്രായത്തെ സുധാകരന്‍ പരിഹസിക്കാനും മറന്നില്ല. ജയരാജന്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ പോലെയാണെന്നും കണ്ണുര്‍ ഉത്തരകൊറിയ ആണെന്നാണ് ജയരാജന്‍ കരുതുന്നതെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ഇതെന്നും സുധാകരന്‍ പറഞ്ഞു.

അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളെയും അടിച്ചമര്‍ത്തി മുമ്പോട്ട് പോകുമ്പോള്‍ താന്‍ എല്ലാറ്റിനും മുകളിലാണെന്ന് ഒരാള്‍ക്കുണ്ടാകുന്ന തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നതെന്നും ഈ അസുഖം പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ വ്യക്തമാക്കി. ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസ്സിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും പറയുന്നത് എങ്ങിനെയാണെന്നും ചോദിച്ചു. ഇത്തരം ഏകാധിപത്യ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Related posts