അതിരപ്പിള്ളി: ചാലക്കുടി – ആനമല റോഡിൽ വിഹരിക്കുന്ന കട്ടാന കബാലി കെഎസ്ആർടിസി ബസിനെ ആക്രമിച്ചു. ഇന്നലെ രാത്രി എട്ടിന് അമ്പലപ്പാറ ഒന്നാം ഹെയർ പിൻ വളവിൽവച്ചാണ് കട്ടാന ബസിന് നേരെ പാഞ്ഞുവന്നത്.
അപ്രതീക്ഷിതമായി ബസിനു മുന്നിലേക്കുവന്ന കട്ടാനയെ കണ്ട് ഡ്രൈവർ രാജീവ് ബസ് പിന്നോട്ടു തിരിച്ചെങ്കിലും ആന ബസിന്റെ മുൻ ഗ്ലാസിനു താഴെ കുത്തി ബസ് ഉയർത്തി താഴെയിട്ടു.
ഡ്രൈവർ പിന്നെയും ബസ് പിന്നോട്ട് എടുത്തതുകൊണ്ട് കൂടുതൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. ഏറെ നേരം റോഡിൽ നിന്ന ശേഷം കബാലി കാടുകയറിയപ്പോഴാണ് ബസ് യാത്ര തുടർന്നത്.
ഇത്രയും സമയം ഡ്രൈവറോടൊപ്പം കണ്ടക്ടർ ഷാനവാസും യാത്രക്കാരും വണ്ടിയിൽ കാത്തിരുന്നു. ചാലക്കുടിയിൽനിന്ന് മലക്കപ്പാറയിലേക്ക് പോകുകയായിരുന്നു ബസ് ഇന്നലെ ൈവെെകിട്ട് 5.10നാണ് ചാലക്കുടിയിൽനിന്നു പുറപ്പെട്ടത്.
കബാലിയുടെ ആക്രമണം ഭയന്ന് ഇതുവഴി വിനോദസഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കയാണ്. എന്നാൽ കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും നിയന്ത്രണമില്ല.
കഴിഞ്ഞ നവംബർ 15 ന് അമ്പലപ്പാറയിൽവച്ച് കബാലിയിൽനിന്നു രക്ഷപ്പെടാൻ സ്വകാര്യ ബസ് കിലോമീറ്ററുകൾ സാഹസികമായി പിന്നോട്ട് ഓടിച്ചാണ് രക്ഷപ്പെട്ടത്.
ഇതിനു ശേഷം മലക്കപ്പാറയിൽനിന്നു തേയില കയറ്റി വന്ന ലോറി ആന തടഞ്ഞെങ്കിലും ആക്രമിച്ചില്ല.ഇതിനു മുന്പ് വനപാലകരുടെ ജീപ്പിനു നേരെയും ഷോളയാറിലെ വൈദ്യുതി ഉത്പാദനകേന്ദ്രത്തിലും കബാലിയുടെ ഉപദ്രവമുണ്ടായിരുന്നു.ആനക്ക് മദപ്പാട് ഉണ്ടെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിഗമനം.