തിരുവനന്തപുരം: സ്വർണമാല കാണാതായെന്ന പരാതിയിൽ ദളിത് യുവതിയെ പേരൂർക്കട പോലീസ് സ്റ്റേഷനിൽ വച്ച് അന്യായമായി കസ്റ്റഡിയിൽ വയ്ക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ.
പേരൂർക്കട പോലീസ് സ്റ്റേഷനിലെ എഎസ്ഐ. പ്രസന്നനെയാണ് സിറ്റി പോലീസ് കമ്മീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. നേരത്തെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാനുള്ള സാധ്യതയുണ്ട്.
തന്നെ ഏറ്റവും കുടുതൽ മാനസികമായി പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തത് എഎസ്ഐ പ്രസന്നനാണെന്ന് അവഹേളനത്തിനിരയായ ബിന്ദു മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സ്വർണമാല നഷ്ടമായെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിന്ദു ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു.
ഈ പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദേശം നൽകി.