ഒരു തോക്ക് കൈയ്യില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്ക് ! അതിനാല്‍ തന്നെ അത്തരം സംശയങ്ങള്‍ മകള്‍ എന്നോടാണ് ചോദിക്കുക; കജോള്‍ തുറന്നു പറയുന്നു…

പ്രണയത്തെക്കുറിച്ചും ആണ്‍സുഹൃത്തുക്കളെക്കുറിച്ചുമൊക്കെ മകള്‍ തുറന്നു സംസാരിക്കുന്നത് തന്നോടാണെന്ന് ബോളിവുഡിലെ നിത്യഹരിത നായിക കജോള്‍. കരീന കപൂറിന്റെ റേഡിയോ ഷോ ആയ വാട്ട് വുമണ്‍ വാണ്ട് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് മകളെക്കുറിച്ചും തന്റെ പാരന്റിങ് ശൈലിയെക്കുറിച്ചും കജോള്‍ മനസ്സു തുറന്നത്.

മകള്‍ നൈസയും മകന്‍ യുഗും പ്രണയസംബന്ധിയായ വിഷയങ്ങളില്‍ ആരോടാണ് അഭിപ്രായം ചോദിക്കുകയെന്ന കരീനയുടെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് കജോള്‍ ഇപ്രകാരം പറഞ്ഞത്. പ്രണയ സംബന്ധമായ വിഷയങ്ങള്‍ മകള്‍ നൈസ തന്നോടാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും കാരണം ഒരു തോക്ക് കൈയില്‍ പിടിച്ചു നില്‍ക്കുന്ന ആളുടെ മട്ടാണ് ചിലപ്പോഴൊക്കെ അജയ്ക്കെന്നും ആയിരുന്നു കജോളിന്റെ മറുപടി.

” നൈസ തീര്‍ച്ചയായും എന്റെ അരികിലേ വരൂ. യുഗ് അവന്റെ അച്ഛന്റെ അരികിലേക്കും. കാരണം അച്ഛന്‍ കൂളാണ് എന്ന മനോഭാവമാണ് അവന്. ഇത്തരം ആണ്‍കാര്യങ്ങള്‍ അവര്‍ തമ്മിലാകും ചര്‍ച്ച ചെയ്യുക. അജയ് ഒരു പ്രൊട്ടക്റ്റീവ് ഫാദറാണ്. റിലേഷന്‍ഷിപ്പ് പ്രശ്‌നങ്ങളുമായി നൈസ ഒരിക്കലും അവളുടെ അച്ഛന്റെയടുത്തു പോവില്ല, ബോയ്ഫ്രണ്ട്‌സിനെപ്പറ്റി സംസാരിക്കുകയുമില്ല. കൈയില്‍ ഒരു തോക്കുംപിടിച്ചു നില്‍ക്കുന്ന ആളുടെ ഭാവത്തോടെ എവിടെ അവന്‍?, എവിടെ അവന്‍? എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും”.

താനൊരിക്കലും ഒരു ഒബ്‌സസ്ഡ് പേരന്റ് അല്ല എന്നാണ് കജോള്‍ പറയുന്നത്. ” കുഞ്ഞുങ്ങളെ അമിതമായി നിയന്ത്രിക്കുന്ന ഒരു രക്ഷകര്‍ത്താവല്ല ഞാന്‍. ആരോഗ്യകരമായ ബന്ധത്തിനു യോജിച്ച ഒരു കാര്യമല്ല അതെന്നാണ് എന്റെ വിശ്വാസം. പക്ഷേ എന്റെ അമ്മ ഇതിനു നേര്‍വിപരീതമായിരുന്നു. എന്നെ വളര്‍ത്തിയ രീതിയിലും ഏറെ വ്യത്യസ്തതയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികളെ വല്ലാതെ നിയന്ത്രിക്കുന്നതിനോട് എനിക്ക് യോജിക്കാനാവില്ല”.കജോള്‍ വ്യക്തമാക്കുന്നു.

‘കുഞ്ഞുങ്ങളോട് ഒരുപാട് വാല്‍സല്യമുണ്ടെങ്കിലും അവരുടെ ജീവിതത്തില്‍ അനാവശ്യമായി കൈകടത്താറില്ല. അവര്‍ക്ക് നന്നായി വളരാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കയാണ് ചെയ്യുന്നത്. അവരുടെ വളര്‍ച്ചയ്ക്ക് തടസ്സമാകുന്നതൊന്നും ചെയ്യാറില്ല. അജയ് കുഞ്ഞുങ്ങളെ നന്നായി താലോലിക്കുന്ന അച്ഛനാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രീതിയുണ്ട്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ അജയ്യുടെ ശാന്തസ്വഭാവമൊക്കെ എവിടെയോ പോയിമറയും. കുഞ്ഞുങ്ങളെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എപ്പോഴും അറിയണമെന്നു നിര്‍ബന്ധമുള്ള അച്ഛനാണ് അജയ്”. കജോള്‍ പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം അജയ് ദേവ്ഗണും കജോളും ഒരുമിച്ചഭിനയിക്കുന്ന ചിത്രം 2020 ജനുവരി 10ന് പുറത്തിറങ്ങും.

Related posts