നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് ഇതുപോലൊരു മഹാഭാഗ്യം ലഭിച്ചല്ലോ എന്നുപറഞ്ഞ് അഭിനന്ദിച്ചു! രജനീകാന്ത് ചിത്രം 2.0 യുടെ ഭാഗമായി റസൂല്‍ പുക്കൂട്ടിയെ കണ്ടുമുട്ടിയപ്പോഴുള്ള അനുഭവം പങ്കുവച്ച് കലാഭവന്‍ ഷാജോണ്‍

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ 2.0 ഈ മാസം അവസാനം തീയേറ്ററുകളില്‍ എത്തുകയാണ്. ഷങ്കര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പതിവ് പോലെ തന്നെ ഷങ്കറിന്റെ ഈ വമ്പന്‍ ചിത്രത്തിലും മലയാളി സാന്നിധ്യം ഉണ്ട്. ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയും ഇതിലെ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നത് മലയാളികളുടെ സ്വന്തം കലാഭവന്‍ ഷാജോണും ആണ്. എന്തിരനില്‍ ജോലി ചെയ്ത അനുഭവവും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുട്ടിയെ കണ്ട അനുഭവവും ഷാജോണ്‍ ഇപ്പോള്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

ജീവിതത്തില്‍ ഒരുപാട് സന്തോഷം തോന്നിയ മറ്റൊരു ദിനമായിരുന്നു ഇന്നലെ എന്നാണ് ഷാജോണ്‍ പറഞ്ഞു തുടങ്ങുന്നത്. 2.0 യുടെ ചെറിയൊരു കറക്ഷന്‍ ഡബ്ബിങ്‌നായി ഇന്നലെ ചെന്നൈയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ കാണുവാന്‍ സാധിച്ചു എന്നും അദ്ദേഹത്തിന് തന്നെ ഒന്ന് കാണണം എന്ന് അദ്ദേഹത്തിന്റെ അസ്സോസിയേറ്റ് സൗണ്ട് ഡിസൈനര്‍ അരുണ്‍ അറിയിച്ചതിനെ തുടര്‍ന്ന് എ ആര്‍ റഹ്മാന്‍ന്റെ സ്റ്റുഡിയോയില്‍ വെച്ച് ആണ് ആ വലിയ മനസ്സിനെ കാണാന്‍ സാധിച്ചത് എന്നും ഷാജോണ്‍ പറയുന്നു.

ഒരുപാട് വര്‍ഷത്തെ പരിചയമുള്ള ഒരു പ്രിയ സുഹൃത്ത് കാലങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയ ഒരു പ്രതീതി ആയിരുന്നു എന്ന് തോന്നിപോകും വിധം തന്നെ കെട്ടിപിടിച്ചു കൊണ്ടാണ് സ്റ്റുഡിയോയിലേക്ക് അദ്ദേഹവും, അങ്കമാലിക്കാരനായ അദ്ദേഹത്തിന്റെ മറ്റൊരു അസ്സോസിയേറ്റ് സൗണ്ട് ഡിസൈനര്‍ ബിബിനും സ്വീകരിച്ചത് എന്നും ഷാജോണ്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

2.0 യില്‍ ഷാജോണിന്റെ വേഷം കണ്ട അദ്ദേഹം പറഞ്ഞത് ”നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ക്ക് ഇതുപോലൊരു ബ്രഹ്മാണ്ഡ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞല്ലോ ആ ഭാഗങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി ‘ എന്നാണ്. ആ വാക്കുകള്‍ തന്നില്‍ ഉണ്ടാക്കിയ ഒരു മനസ്സുഖം എന്തെന്നില്ലാത്തതായിരുന്നു എന്ന് ഷാജോണ്‍ പറയുന്നു. ലോകത്ത് തന്നെ ഇതാദ്യമായാണ് S R L (SANKAR RASOOL LYCA ) ഫോര്‍മാറ്റില്‍ ഒരു ചിത്രം ഒരുങ്ങുന്നത് എന്നും ഈ ഫോര്‍മാറ്റില്‍ ഒരുക്കിയ 2.0 യുടെ ട്രൈലര്‍ സ്റ്റുഡിയോയില്‍ വെച്ച് തന്നെ അദ്ദേഹം തനിക്ക് കാണിച്ചു തരികയുണ്ടായി എന്നും ഷാജോണ്‍ പറഞ്ഞു.

വാക്കുകള്‍ കൊണ്ട് പറയുവാന്‍ സാധിക്കാത്ത ഒരു ശബ്ദ വിസ്മയം ആണത് എന്നും ഈ ചെറിയ സിനിമ ജീവിത കാലയളവില്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു ദിനമായി മാറി ഈ ദിവസം എന്നും ഷാജോണ്‍ പറയുന്നു. റസൂല്‍ പൂക്കുട്ടിയുടെ എളിമ തന്നെ അത്ഭുതപ്പെടുത്തി എന്ന് പറഞ്ഞ ഷാജോണ്‍ അദ്ദേഹം തന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയും പറഞ്ഞാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Related posts