കൊച്ചി: സംസ്ഥാനത്ത് വ്യാജ തൊഴില്‍ വാഗ്ദാനങ്ങളിലൂടെ സൈബര്‍ തട്ടിപ്പ് വര്‍ധിക്കുന്നു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ജോലി അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടാണ് തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനം. ഒഎല്‍എക്സ് പോലെയുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ജോലി തേടുന്നവരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ പരസ്യങ്ങള്‍ നല്‍കുകയും രജിസ്ട്രേഷന് ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിംഗ് ഫീസ് തുടങ്ങിയവയുടെ പേരില്‍ പണം തട്ടുകയുമാണ് ഇവരുടെ രീതി.
ആകര്‍ഷകമായ ശമ്പളം
ഒഎല്‍എക്സ് വഴി ജോലി അന്വേഷിക്കുന്നതിനായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നവരെ തട്ടിപ്പുകാര്‍ വാട്സ്ആപ്പ് വഴിയാണ് സമീപിക്കുന്നത്. പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണെന്ന് സ്വയം പരിചയപ്പെടുത്തി ആകര്‍ഷകമായ ശമ്പളത്തോടു കൂടിയുള്ള ജോലി വാഗ്ദാനം ചെയ്യും. വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഫോണിലൂടെയോ വാട്സ്ആപ്പിലൂടെയോ വ്യാജ ഓണ്‍ലൈന്‍ അഭിമുഖം നടത്തുകയും ജോലി ഉറപ്പാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് ജോലി ഉറപ്പാക്കുന്നതിനായി റീഫണ്ടബിള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന പേരില്‍ പണം ആവശ്യപ്പെടും. പിന്നീട് ശമ്പളത്തോടൊപ്പം തുക തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പ്രോസസിംഗ് ഫീസ് എന്ന പേരില്‍ കൂടുതല്‍ തുക ഈടാക്കുന്നു. ഡിജിറ്റല്‍ പേയ്മെന്റ് വഴിയോ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ തട്ടിപ്പുകാര്‍ക്ക് പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ജോലിയോ പണമോ നല്‍കാതെ ഇവര്‍ ഉദ്യോഗാര്‍ഥികളെ വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്ത് മുങ്ങും.
ഇതു ശ്രദ്ധിക്കാം…
- ഒഎല്‍എക്സ്, വാട്സ്ആപ്പ്, ഫേസ്ബുക് എന്നിവയില്‍ നിന്നു ലഭിക്കുന്ന വാഗ്ദാനങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തുക.
- പ്രമുഖ സ്ഥാപനങ്ങളുടെ പേരും ലോഗോയും ഉപയോഗിച്ചുള്ള തൊഴില്‍ പരസ്യങ്ങള്‍ മാത്രം കണ്ട് വിശ്വസിക്കരുത്. സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ഔദ്യോഗിക ഫോണ്‍ നമ്പര്‍ വഴിയോ ജോലി ഒഴിവുകള്‍ സ്ഥിരീകരിക്കണം.
- ജോലി നല്‍കുന്നതിനോ അഭിമുഖം നടത്തുന്നതിനോ സെക്യൂരിറ്റി ഡെപ്പോസിറ്റ്, പ്രോസസിംഗ് ഫീസ്, രജിസ്ട്രേഷന് ഫീസ് തുടങ്ങിയവ ആവശ്യപ്പെടുന്നത് തട്ടിപ്പുകാരുടെ തന്ത്രമാണ്.
- ജോലി ലഭിക്കുമെന്ന് ഉറപ്പുനല്‍കി വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ പണം നല്‍കരുത്.
- പണം കൈമാറുന്നതിന് മുമ്പ് സ്ഥാപനത്തിന്റെ വിശ്വാസ്യതയും ജോലി വാഗ്ദാനത്തിന്റെ ആധികാരികതയും സ്ഥിരതയും പരിശോധിക്കുക.
- ഇത്തരത്തിലുള്ള സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ 1930 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ വിളിക്കുകയോ, www.cybercri me.gov.in എന്ന വെബ്സൈറ്റ് വഴി പരാതി രജിസ്റ്റര്‍ ചെയ്യണം.
