അവരെപ്പോലെയാവാന്‍ എനിക്ക് സാധിക്കില്ല! നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് താത്പര്യം; നടി കല്‍പ്പനയുടെ മകള്‍ ശ്രീസങ്ഖ്യ പറയുന്നു

മലയാളികള്‍ മനസില്‍ പ്രത്യേക സ്ഥാനം നല്‍കി ആദരിച്ചുപോന്ന അഭിനേത്രിയാണ് കല്‍പ്പന. സ്ത്രീകള്‍ കടന്നുവരാന്‍ എക്കാലത്തും മടിച്ചും നാണിച്ചും നിന്ന മലയാള ഹാസ്യരംഗത്തേയ്ക്ക് ആദ്യമായി കടന്നുവന്നത് കല്‍പ്പനയാണ്. ജഗതി, ജഗദീഷ് തുടങ്ങിയവര്‍ക്കൊപ്പം ഹാസ്യരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട കല്‍പ്പന, അവര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ മുന്നിലാവുകയാണുണ്ടായത്. ഹാസ്യ രംഗങ്ങളില്‍ നിന്ന് കാരക്ടര്‍ റോളുകളിലേയ്ക്ക് പതിയെ കൂടുമാറിയ കല്‍പ്പന മികച്ച സഹനടിയ്ക്കുള്ള ദേശീയ അവാര്‍ഡ് പോലും കരസ്ഥമാക്കുകയുണ്ടായി.

എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് കല്‍പ്പനയുടെ മരണമെത്തിയത്. മലയാളിയെ ഏറെ ദുഃഖത്തിലാക്കിയ മറ്റൊരു വിടവാങ്ങലായിരുന്നു അത്. എന്നാല്‍ കല്‍പ്പനയുടെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷവാര്‍ത്തയുണ്ട്. കല്‍പ്പനയുടെ മകള്‍ ശ്രീമയി എന്ന ശ്രീസങ്ഖ്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണത്. അതേക്കുറിച്ച് ശ്രീസങ്ഖ്യ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയുണ്ടായി. അതിങ്ങനെയാണ്…

ന്യൂമറോളജി പ്രകാരമാണ് ശ്രീസങ്ഖ്യയെന്ന പേര് തിരഞ്ഞെടുത്തത്. അമ്മയാണ് (കല്പനയുടെ അമ്മ) പേരിട്ടത്. ഒരേ ജന്മത്തില്‍ രണ്ട് തവണ പേരീടല്‍ നടത്തിയെന്നത് തന്നെ നല്ലതല്ലേ. സൂര്യന്റെ ഭാര്യയാണ് സങ്ഖ്യ, സൂര്യന്റെ പ്രഭാവലയത്തില്‍ പ്രകാശപൂരിതയായി നില്ക്കുന്ന സ്ത്രീ. എവിടെയും തളരാതെ സൂര്യനൊപ്പം തന്നെ ശക്തിയില്‍ ജ്വലിച്ച് നില്ക്കുന്നവളാണ് സങ്ഖ്യ. പേര് മാറിയെങ്കിലും കൂട്ടുകാരെ ഇത് കാര്യമായി ബാധിക്കാന്‍ പോകുന്നില്ലല്ലേ… അവര്‍ക്ക് ഞാന്‍ എന്നും ‘ശ്രീ’ അല്ലേ.

അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയെന്ന് പറയുന്നതിലും ഭംഗി അഭിനയം രക്തത്തിലുള്ളതാണെന്നതാണ്. മിനുവിനെ (കല്പന) പോലെയൊരു അഭിനേത്രിയാവുകയല്ല ആഗ്രഹം. അവര്‍ക്ക് പകരമാവാന്‍ എനിക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്ചവയ്ക്കാനാണ് എനിക്ക് താത്പര്യം. മിനു തെരഞ്ഞെടുത്തതു പോലെയുള്ള ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നൊരു ധൈര്യം ഇതുവരെയും വന്നിട്ടില്ല.

സിനിമകളില്‍ ചെറിയ ഹ്യൂമര്‍ സീക്വന്‍സ് വന്നാല്‍ ഒരുപക്ഷേ ചെയ്യാന്‍ സാധിക്കുമായിരിക്കും. എനിക്ക് പിന്നാലെ കുഞ്ഞാറ്റയും (ഉര്‍വ്വശിയുടെ മകള്‍) കാര്‍ത്തുവിന്റെ (കലാരഞ്ജിനി) മകന്‍ അമ്പോറ്റിയും അമ്മാവന്റെ മകന്‍ അമ്പാടിയും സിനിമയിലേക്ക് തന്നെ വരും. രണ്ട് -മൂന്ന് വര്‍ഷങ്ങള്‍ക്കകം തന്നെ ഞങ്ങളെ എല്ലാവരെയും സിനിമയില്‍ കാണാന്‍ സാധിക്കും’. ശ്രീസങ്ഖ്യ പറയുന്നു. സുമേഷ് ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രത്തിലൂടെയാണ് കല്‍പ്പനയുടെ മകള്‍ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുക.

 

Related posts