ടീഷര്‍ട്ടും ഷോര്‍ട്‌സുമണിഞ്ഞ് റസ്റ്ററന്റില്‍ എത്തിയപ്പോള്‍ അവര്‍ പറഞ്ഞു ‘കടക്ക് പുറത്ത്’ ! പാരീസില്‍ വച്ചുണ്ടായ അനുഭവം തുറന്നു പറഞ്ഞ് നടി കനിഹ…

വ്യത്യസ്ഥമായ വേഷങ്ങള്‍ ചെയ്തതിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് കനിഹ. വിവാഹശേഷം സിനിമയില്‍ നിന്ന് അപ്രത്യക്ഷമാവുന്ന താരങ്ങളുടെ ഗണത്തില്‍ കനിഹയെ പെടുത്താനാവില്ല. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായ കനിഹ മോഹന്‍ലാലിന്റെ ഇന്നലെ പുറത്തിറങ്ങിയ ഡ്രാമയിലും നായികയാവുന്നുണ്ട്. പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്ക് വച്ച് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ തനിക്ക് പാരീസ് യാത്രയ്ക്കിടെ നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പാരീസ് യാത്രയ്ക്കിടെ ഞാനൊരു റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനായി കയറി. വളരെ സിമ്പിളായ ഒരു കാഷ്വല്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു എന്റെ വേഷം. അവിടെയുണ്ടായിരുന്ന ബാക്കി ആളുകളെല്ലാം നല്ല രീതിയില്‍ വസ്ത്രം ധരിച്ചാണ് ഇരിക്കുന്നത്. എന്റെ വേഷം കണ്ടിട്ടാവാം എന്നെ അകത്തേയ്ക്ക് കയറ്റാന്‍ പോലും അവര്‍ കൂട്ടാക്കിയില്ല. ഇറങ്ങിപോകാന്‍ പറഞ്ഞ് അവര്‍ ചൂടായി.ഞാന്‍ ഒരു വിധം കഷ്ടപ്പെട്ട് അവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. കൈയില്‍ പണമുണ്ടെന്ന് ഉറപ്പായപ്പോഴാണ് അവര്‍ എന്നെ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചത്.

ആ റെസ്റ്റോറന്റിലെ ഏറ്റവും നല്ല വിഭവങ്ങള്‍ തന്നെ ഞാന്‍ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ ചെയ്തിട്ട് ഇരിക്കുമ്പോള്‍ അവിടെ താമസിക്കുന്ന കുറച്ചു മലയാളികള്‍ കടന്നുവന്നു. എന്നെ കണ്ടയുടന്‍ അടുത്തുവന്ന് സംസാരിക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ തുടങ്ങി.ഇതൊക്കെ കണ്ടപ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമ ഉടനെ വന്ന് നിങ്ങള്‍ ഇത്ര വലിയ സെലിബ്രിറ്റിയാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങളുടെ വേഷം കണ്ട് തെറ്റിദ്ധരിച്ചതിന് ക്ഷമിക്കണം. എന്ന് പറഞ്ഞു. അന്ന് കൃത്യസമയത്ത് ആ മലയാളികള്‍ അവിടെ എത്തിയത് തന്റെ ഭാഗ്യമായെന്നും കനിഹ പറയുന്നു.

Related posts