മോദിയുടെ വിജയം ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയമാണ്! ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ വിജയിക്കണമെങ്കില്‍ നമുക്ക് മാതൃകാ വ്യക്തിത്വങ്ങള്‍ വേണം; നരേന്ദ്രമോദിയോടുള്ള ആരാധന തുറന്നു പറഞ്ഞ് നടി കങ്കണ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരാധകര്‍ രാജ്യത്ത് ധാരാളമുണ്ട്. അതില്‍ നടീനടന്മാരും ധാരാളം. എന്നാല്‍ ആ ആരാധന തുറന്നു പറയുന്നവര്‍ വിരളമാണ്. എന്നാല്‍ ബോളിവുഡ് നടി കങ്കണയുടെ മോദി ആരാധനയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച ചര്‍ച്ചയിലാണ് കങ്കണ അക്കാര്യം തുറന്ന് പറഞ്ഞത്.

കങ്കണയുടെ വാക്കുകള്‍ ഇങ്ങനെ..മോദിയുടെ വിജയം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയമാണ്. ഒരു ചെറുപ്പക്കാരി എന്ന നിലയില്‍ ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ നമുക്ക് കൃത്യമായ മാതൃകാവ്യക്തിത്വങ്ങള്‍ വേണം.

അതായത് സാധാരണ മനുഷ്യര്‍ നേടുന്ന വിജയങ്ങളാണ് എന്നെപ്പോലുള്ള സാധാരണ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ചായക്കടക്കാരനായിരുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്ക് മുന്നിലുള്ളത്. ഇത് മോദിയുടെ വിജയമല്ല ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടം.

ഞാന്‍ ഇന്ത്യക്കാരിയാണ് എന്ന് പറയാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഈയിടെ ഒരു അഭിമുഖത്തില്‍ ഞാന്‍ ദേശീയവാദിയാണെന്ന് പറഞ്ഞു. അപ്പോള്‍ എന്നോട് ചിലര്‍ ചോദിച്ചു നിങ്ങള്‍ അത്തരത്തിലുള്ള വ്യക്തിയാണോ എന്ന്.

ഏതു തരത്തിലുള്ള വ്യക്തി? നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രം നിങ്ങള്‍ ദേശീയവാദി ആയാല്‍ മതി. സിനിമയിലെ സ്വജന പക്ഷപാതത്തെ സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് താന്‍ ഉത്പ്രേരകമായെന്നും കങ്കണ പറയുന്നു.

Related posts