പെരിങ്ങോം: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ നഷ്ടമായത് 62 പവന്റെ സ്വര്‍ണാഭരണങ്ങള്‍. എരമം-കുറ്റൂരിലെ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുള്‍ റഹ്മാന്റെ ഭാര്യ കെ.കെ. നഫീസയുടെ വീട്ടില്‍ നടന്ന കവര്‍ച്ചയിലാണ് 62 പവന്റെ ആഭരണങ്ങള്‍ നഷ്ടമായത്.
അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിലെ പെരുന്നാളാഘോഷത്തിനായി വീട് പൂട്ടിപ്പോയ നഫീസയും നാലുമക്കളും ഇന്നലെ രാവിലെ പത്തോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ അടുക്കളയിലെ കിണറ്റില്‍നിന്നു വെള്ളമെടുക്കുന്നതിനുള്ള കിളിവാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനകത്ത് കയറിയതെന്നാണു നിഗമനം.
കിടപ്പുമുറിയിലെ അലമാരയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. 62 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായെന്ന നഫീസയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ ഡിവൈഎസ്പി പി.എല്‍. ഷൈജു, സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.കെ. മുകുന്ദന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപത്തെ വീട്ടിലെ നിരീക്ഷണ കാമറയില്‍ നിന്ന് മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
