കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്. ബോസ് കൃഷ്ണമാചാരിക്കെതിരെ പരാതി ലഭിച്ചിരുന്നുവെന്ന് ബിനാലെയുടെ നിലവിലെ ചെയര്മാന് വി. വേണു സ്വകാര്യ ചാനലിന്റെ ഓണ്‍ലൈന്‍ വാര്‍ത്തയിലൂടെ സ്ഥിരീകരിച്ചു. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന ബോസ് കൃഷ്ണമാചാരി 2026 ജനുവരി 14ന് ആണ് രാജിവച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ബിനാലെയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന യുവതി നല്കിയ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ബോസ് കൃഷ്ണമാചാരിക്കെതിരേ ജനുവരിയില്‍ പരാതി ലഭിച്ചിരുന്നെന്നും ഇന്റേണല്‍ കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് നടപടി എടുത്തിരുന്നെന്നും ബിനാലെ ട്രസ്റ്റിന്റെ ചെയര്മാന് വി. വേണു സ്ഥിരീകരിച്ചു. ബോസ് കൃഷ്ണമാചാരിയുടെ രാജിക്കു പിന്നില്‍ ഈ സംഭവവും ഒരു കാരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയതായി അറിയുന്നു.
ബോസ് കൃഷ്ണമാചാരിയുടെ കീഴില്‍ ജോലിചെയ്യുന്ന യുവതിയാണ് പരാതിക്കാരി. 2025 ഡിസംബര്‍ 28ന് ആണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പരാതിക്കാരി നല്കിയ പരാതിയില്‍ പറയുന്നു. ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോര്‍ട്ട്കൊച്ചിയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയെന്നും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്.
കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളായ ബോസ് കൃഷ്ണമാചാരി 2012 ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം. മറ്റൊരു കലാകാരനായ റിയാസ് കോമുവുമായി ചേര്‍ന്നാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ബോസ് കൃഷ്ണമാചാരി തുടക്കമിടുന്നത്. ലൈംഗികാരോപണങ്ങള്‍ നേരിട്ടതിനേത്തുടര്‍ന്ന് 2018ല്‍ റിയാസ് കോമുവിന് കൊച്ചി ബിനാലേയില്നിന്ന് രാജിവയ്ക്കേണ്ടിവന്നിരുന്നു.
