കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്, കുമാരസ്വാമിയുടെ മകന്‍ വന്‍ മാര്‍ജിനില്‍ തോല്ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്, കോണ്‍ഗ്രസുകാര്‍ സുമതലയ്ക്കായി പ്രവര്‍ത്തിച്ചെന്നും തങ്ങളെ ചതിച്ചെന്നും ജനതദള്‍

തുടക്കം മുതല്‍ ആടിയുലയുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതദള്‍ സര്‍ക്കാരിന് വലിയ പ്രഹരമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും മാണ്ഡ്യയിലെ സ്ഥാനാര്‍ഥിയുമായ നിഖില്‍ ഗൗഡ തോല്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇരുപാര്‍ട്ടികളുടെയും ഉറക്കം കെടുത്തുന്നത്.

ബിജെപി പിന്തുണയോടെ മത്സരിക്കുന്ന സുമലത അംബരീഷ് രണ്ടു ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. ജനതാദളിന്റെ കണക്കെടുപ്പിലും ജയം ഉറപ്പില്ല. നിഖില്‍ കുമാരസ്വാമി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാര്‍ത്ഥിയാണെങ്കിലും കോണ്‍ഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു. കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.

മണ്ഡ്യ ,മലവള്ളി നിയമസഭ മണ്ഡലങ്ങളും സുമലതക്ക് ഒപം നില്‍ക്കും. ഈ മണ്ഡലങ്ങളിലെ ജെഡിഎസ് എംഎല്‍എമാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി മുന്നോട്ട് വന്നിരുന്നു. ഈ ലോകസഭ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളും ജെഡിഎസിന്റെ കൈയില്‍ ആണ്. സുമലതയ്ക്കായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ നിഖില്‍ പ്രചരണത്തില്‍ ബഹുദൂരം പിന്നിലായി. അതേസമയം മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ നിഖിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ജെഡിഎസിലെ ചില നേതാക്കളും രംഗത്തെത്തിയിരുന്നു.

Related posts