അമ്മയ്‌ക്കൊപ്പം ഒരു സിനിമ കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു; അമ്മയുടെ നായകന്റെ മകന്റെ നായികയാവുമെന്ന്; ഒടുവില്‍ അത് സംഭവിക്കുകയും ചെയ്തുവെന്ന് കീര്‍ത്തി സുരേഷ്…

കോളിവുഡില്‍ ഇന്ന് ഏറ്റവുമധികം തിരക്കുള്ള നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. വിജയ്, സൂര്യ തുടങ്ങി തമിഴിലെ പല സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. നാലു സിനിമകളില്‍ അഭിനയിക്കാന്‍ കീര്‍ത്തി കരാറും ഒപ്പിട്ടുണ്ട്. സൂര്യ നായകനാവുന്ന താനാ സേര്‍ന്ത കൂട്ടമാണ് കീര്‍ത്തിയുടെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സൂര്യയ്‌ക്കൊപ്പമുളള കീര്‍ത്തിയുടെ ആദ്യ സിനിമയാണിത്.

ചെറുപ്പം മുതലേ സൂര്യയുടെ കടുത്ത ഫാനാണെന്ന് കീര്‍ത്തി തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘സ്‌കൂളില്‍ പഠിക്കുന്ന സമയത്തേ സൂര്യയുടെ കടുത്ത ആരാധികയാണ്. എന്റെ അമ്മ മേനക സൂര്യയുടെ അച്ഛന്‍ ശിവകുമാറിനൊപ്പം 3 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു സിനിമ അമ്മയ്‌ക്കൊപ്പം കണ്ടുകൊണ്ടിരിക്കേ ഞാന്‍ വെല്ലുവിളിച്ചു. ശിവകുമാറിന്റെ മകന്‍ സൂര്യയ്‌ക്കൊപ്പം ഒരു ദിവസം ഞാന്‍ അഭിനയിച്ചു കാണിക്കുമെന്നു പറഞ്ഞു. അത് യാഥാര്‍ത്ഥ്യമായതില്‍ ഒരുപാട് സന്തോഷം തോന്നുന്നു’.

‘സൂര്യ വളരെ ഒതുങ്ങിയ വ്യക്തിയാണ്. അദ്ദേഹം അധികം സംസാരിക്കാറില്ല. പക്ഷേ അഭിനയിക്കുന്നതിനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും അഭിപ്രായം ചോദിച്ചാല്‍ അദ്ദേഹം അതിനെ വളരെ പിന്തുണയ്ക്കും. അങ്ങനെ ചെയ്‌തോളൂ എന്ന് പറയും. ഒരിക്കലും നിരുത്സാഹപ്പെടുത്തില്ല’.’താനാ സേര്‍ന്ത കൂട്ടത്തിലെ എന്റെ കഥാപാത്രം തമാശ നിറഞ്ഞതാണ്. ഒരുപാട് സര്‍െ്രെപസും അതില്‍ ഒളിഞ്ഞിരുപ്പുണ്ട്. ബ്രാഹ്മണ പെണ്‍കുട്ടിയായിട്ടാണ് ഞാന്‍ അതില്‍ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ വിഘ്‌നേശ് ശിവന്‍ കഥ പറഞ്ഞ രീതിയും എന്റെ കഥാപാത്രത്തെക്കുറിച്ച് അവതരിപ്പിച്ചതും എനിക്ക് വളരെയധികം ഇഷ്ടമായി. അങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്’ കീര്‍ത്തി പറഞ്ഞു. എന്തായാലും പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്തിരിക്കുമെന്നു കാട്ടിയിരിക്കുകയാണ് കീര്‍ത്തി.

Related posts