ഭരണം പാടേ മാറി..! സംസ്ഥാനത്ത് നടക്കുന്നത് വിജിലന്‍സ് ഭരണമോ? മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്ഥിതി അപക്വമെന്ന് ഹൈക്കോടതി

COURT-L കൊച്ചി: സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. എന്‍.ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം അന്വേഷണ വിധേയമാക്കിയ വിജിലന്‍സ് നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പരാമര്‍ശം.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്ന സ്ഥിതിയിലാണ്. വിജിലന്‍സ് കോടതികള്‍ അനാവശ്യ വ്യവഹാരങ്ങള്‍ക്ക് വഴിയൊരുക്കരുത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുനപരിശോധിക്കുന്ന വിജിലന്‍സ് നടപടി ശരിയല്ല. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നത് സര്‍ക്കാരിന്റെ അധികാരപരിധിയില്‍ പെട്ട കാര്യമാണെന്നും ഇത് അന്വേഷിക്കുന്ന വിജിലന്‍സ് നടപടി അപക്വമാണെന്നും ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു.

ശങ്കര്‍ റെഡ്ഡിയുടെ നിയമനം നിലവിലെ സര്‍ക്കാര്‍ ശരിവച്ചതിന് പുറമേ വിജിലന്‍സ് പരിശോധന നടത്തിയതാണ് ഹൈക്കോടതിയുടെ വാക്കാലുള്ള വിമര്‍ശനത്തിന് കാരണമായത്. ചട്ടങ്ങള്‍ ലംഘിച്ചാണ് ശങ്കര്‍ റെഡ്ഡിക്ക് നിയനം നല്‍കിയതെന്നും ഇത് പരിശോധിക്കണമെന്നും വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചെന്നിത്തലയുടെ ഹര്‍ജിയില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയ ഹൈക്കോടതി കേസ് മാര്‍ച്ച് എട്ടിലേക്ക് മാറ്റി.

Related posts