എന്തു പ്രഹസനമാണ് സര്‍ക്കാരേ ഇത്… എല്ലാം റെഡിയാണെന്ന ഉറപ്പിന്‍മേല്‍ ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയപ്പോള്‍ നേരെ കൊണ്ടു പോയത് പൂട്ടിക്കിടന്ന ലോഡ്ജിലേക്ക്; ഇതിലും ഭേദം ചെന്നൈ ആയിരുന്നുവെന്ന് യുവാക്കള്‍…

വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയെന്നും രണ്ടരലക്ഷം ബെഡുകള്‍ ഒരുക്കിയെന്നുമായിരുന്നു കേരള സര്‍ക്കാരിന്റെ അവകാശവാദം.

ഹോട്ടലുകള്‍ അടക്കം പിടിച്ചെടുത്തെന്ന് കലക്ടര്‍മാരും അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇത് എത്രകണ്ട് യാഥാര്‍ത്ഥ്യമാണ് എന്നു ചോദിച്ചാല്‍ അധികാരികള്‍ തന്നെ കൈമലര്‍ത്തും.

പലയിടങ്ങളിലും പറച്ചിലുകള്‍ക്ക് അപ്പുറത്തേക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ചെന്നൈയില്‍ നിന്ന് നാദാപുരത്ത് എത്തിയ യുവാക്കള്‍ക്കുണ്ടായ അനുഭവം സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ്.

ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ യുവാക്കള്‍ക്ക് താമസിക്കാന്‍ ഇടമില്ലാതായ വാര്‍ത്തയാണ് പുറത്തുവന്നത്.

പരിതാപകരമായ അവസ്ഥയിലുള്ള ക്വാറന്റൈന്‍ കേന്ദ്രം ഒരുക്കിയാണ് സര്‍ക്കാര്‍ യുവാക്കളെ സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അലഞ്ഞു തിരിയേണ്ട അവസ്ഥയാണ് യുവാക്കള്‍ക്ക് വന്നു ഭവിച്ചത്.

50 ദിവസമായി ചെന്നൈയില്‍ മുറിക്കുള്ളില്‍ കഴിഞ്ഞ് കേരളത്തിലേക്ക് വരാനുള്ള പാസ് ലഭിച്ചതോടെ ബൈക്കുകളില്‍ നാട്ടിലെത്തി ക്ഷീണിച്ച് അവശരായ പുറമേരിയിലെ തച്ചോളി ജസീല്‍, കളരിയില്‍ തമ്മീസ്, മൈലാക്കുടി ആശിഖ് എന്നിവരാണ് നാട്ടിലെത്തിയ ശേഷം സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വലയേണ്ടി വന്നത്. ഇതിലും ഭേദം ചെന്നൈ ആയിരുന്നുവെന്ന് ഇവര്‍ പറയുന്നു.

ചെന്നൈയില്‍ ബിസിനസ് ചെയ്യുന്ന ഇവര്‍ യാത്ര പുറപ്പെടും മുമ്പുതന്നെ ക്വാറന്റീനിന് സൗകര്യം ഒരുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന മറുപടി കിട്ടിയതിനെ തുടര്‍ന്നാണ് ആറു യുവാക്കള്‍ മൂന്ന് ബൈക്കുകളിലായി നാട്ടിലേക്ക് തിരിച്ചത്.

വാളയാര്‍ ചെക് പോസ്റ്റിലെത്തിയപ്പോഴാണ് നാട്ടില്‍ ക്വാറന്റീന്‍ സൗകര്യം ആയിട്ടില്ലെന്ന വിവരം അറിയുന്നത്.

തുടര്‍ന്ന് ചെക് പോസ്റ്റില്‍ നിന്ന് വടകര ആലക്കല്‍ റസിഡന്‍സിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു.

രാത്രി അവിടെ എത്തിയപ്പോള്‍ വടകര നഗര സഭയിലുള്ളവര്‍ക്ക് മാത്രമേ സൗകര്യമുള്ളൂ എന്നായി. ഇതോടെ ഇവിടെ നിന്നും സ്വന്തം നാടായ മുതുവടത്തൂരിലേക്ക് യാത്ര തിരിച്ചു.

വീടുകളില്‍ കഴിയാന്‍ പറ്റാത്ത മൂന്നു പേരെ നാട്ടുകാര്‍ പരിമിത സൗകര്യം മാത്രമുള്ള സ്‌കൂളില്‍ താമസിപ്പിച്ചു. ഇവിടെ സൗകര്യം തീരെ ഇല്ലാത്ത അവസ്ഥ വന്നതോടെ ഒരാള്‍ സ്വന്തം വീട്ടിലേക്ക് പോയി.

രണ്ടു പേര്‍ വില്ല്യാപ്പള്ളിക്കാരാണ്. ഒരാള്‍ കുറ്റ്യാടി സ്വദേശിയും. അവര്‍ അവരുടെ നാട്ടില്‍ ഒരുക്കിയ ക്വാറന്റീലേക്ക് പോയി.

ഫറോക്ക് സ്വദേശിയായ യുവാവിന് ക്വാറന്റീന്‍ ഒരുക്കിയത് നാദാപുരത്തെ ലോഡ്ജിലാണെന്നു പറഞ്ഞ് വിട്ടിരുന്നു. ഇയാള്‍ നാദാപുരത്ത് എത്തിയപ്പോള്‍ ലോഡ്ജ് പൂട്ടിക്കിടക്കുന്നതാണ് കണ്ടത്.

തൂണേരി വെള്ളൂര്‍ സ്വദേശികള്‍ക്ക് വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് മണിയൂര്‍ നവോദയ വിദ്യാലയമാണ് ക്വാറന്റീന് അനുവദിച്ചത്.

ഇവിടെയും ഇതേ സ്ഥിതി. പയ്യോളി, വടകര പൊലീസ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ടിട്ടും ക്വാറന്റീന്‍ സൗകര്യം ലഭിക്കാതായതോടെ സ്വന്തം വീടുകളിലേക്ക് പോയി.

വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കുന്നതിന് എല്ലാ ജില്ലയിലെയും തദ്ദേസ സ്ഥാപനങ്ങള്‍ സജ്ജമാണെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശ വാദം.

ജില്ലാതലത്തിലും തദ്ദേശസ്ഥാപനതലത്തിലുമാണ് ഇതിനായി സൗകര്യം ഒരുക്കിയെന്നായിരുന്നു അവകാശവാദം.

വിദേശരാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ കൊറോണ കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് നിര്‍ദ്ദേശം.

ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നതും ഹോം ക്വാറന്റൈനില്‍ വീഴ്ച വരാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതും തദ്ദേശസ്ഥാപനങ്ങളാണ്. എന്നാല്‍, ഈ പറച്ചില്‍ വെറും പ്രഹസനം മാത്രമാണെന്ന് വ്യക്തമാക്കുകയാണ് ഈ സംഭവങ്ങള്‍.

Related posts

Leave a Comment