തൃശൂർ: ശ്രീ കേരളവർമ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശപ്രകാരം നടത്താനിരിക്കുന്ന റീക്കൗണ്ടിങ്ങിൽ കെഎസ്യുവിന് പ്രതീക്ഷയ്ക്കൊപ്പം ആശങ്കയും.
വോട്ടെണ്ണൽ കഴിഞ്ഞ ശേഷം ബാലറ്റ് അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികൾ രണ്ടുദിവസം കേരളവർമ കോളജിൽ തന്നെ സൂക്ഷിച്ചിരുന്നുവെന്നും ഇത് അട്ടിമറിക്കും ക്രമക്കേടുകൾക്കും ഇടവരുത്തുന്നതാണെന്നും കെഎസ്യു നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഈ പാകപ്പിഴ കോടതിയിൽ വ്യക്തമായി ചൂണ്ടിക്കാട്ടി റീപോളിംഗിന് അനുമതി നേടിയെടുക്കാൻ കെഎസ്യുവിന് സാധിക്കാതെ പോയി എന്ന് ചില കോണുകളിൽ നിന്ന് ആക്ഷേപം ഉയരുന്നുണ്ട്.
കേരളവർമയിലെ കെഎസ്യു സ്ഥാനാർഥിയായിരുന്ന ശ്രീക്കുട്ടൻ പറയുന്നത്…
റീ പോളിംഗ് ആണ് ആവശ്യപ്പെട്ടതെങ്കിലും കോടതി റീ കൗണ്ടിംഗ് നിർദ്ദേശിച്ചപ്പോൾ പ്രതീക്ഷക്കൊപ്പം തന്നെ ആശങ്കയും ഞങ്ങൾക്കുണ്ട്. പ്രീ കൗണ്ടിംഗിന് എത്തുന്ന ബാലറ്റുകളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് കൗണ്ടിംഗ് കഴിഞ്ഞാൽ മാത്രമേ അറിയാൻ പറ്റൂ.
ആദ്യത്തെ വോട്ടെണ്ണലിൽ എനിക്ക് ലഭിച്ച വോട്ടുകൾ തന്നെയാണ് റീക്കൗണ്ടിംഗിൽ ലഭിക്കുന്നതെങ്കിൽ അട്ടിമറി നടന്നിട്ടില്ല എന്ന് പറയാം.
എന്നാൽ രണ്ടുദിവസം എസ്എഫ്ഐക്ക് ആധിപത്യം ഉള്ള കോളജിൽ തന്നെ ബാലറ്റ് പേപ്പറുകളും തെരഞ്ഞെടുപ്പ് സാമഗ്രികളും സൂക്ഷിച്ച പശ്ചാത്തലത്തിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്നും ഞങ്ങൾ സംശയിക്കുന്നു.
റീ കൗണ്ടിംഗിൽ ഫലം കെഎസ്യുവിന് എതിരാണെങ്കിൽ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അക്കാര്യം നേതൃത്വവുമായി ചർച്ചചെയ്ത് തീരുമാനിക്കും എന്നായിരുന്നു ശ്രീക്കുട്ടന്റെ മറുപടി.
വീണ്ടും നിയമപരമായ പോരാട്ടത്തിന് ഇറങ്ങണോ എന്ന കാര്യം ഫലമറിഞ്ഞശേഷം നേതാക്കളുമായി സംസാരിച്ച് തീരുമാനിക്കുമെന്നും ശ്രീക്കുട്ടൻ വ്യക്തമാക്കി.
റീ കൗണ്ടിങ്ങിലെ ഫലം എന്തുതന്നെയാണെങ്കിലും എസ്എഫ്ഐ യുടെ കപട മുഖം കാമ്പസിനും കേരളത്തിനും കാണിച്ചു കൊടുക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്ന് ശ്രീക്കുട്ടൻ അവകാശപ്പെട്ടു.
വരും വർഷങ്ങളിൽ കേരളവർമ്മയിലെ തെരഞ്ഞെടുപ്പിൽ ഇത് എസ്എഫ്ഐക്കെതിരായി പ്രതിഫലിക്കുമെന്നും ശ്രീക്കുട്ടൻ പറഞ്ഞു.
റീക്കൗണ്ടിംഗിലെ ഫലം എന്തുതന്നെയാണെങ്കിലും കേരളവർമ്മയിലെ സംഘടനാ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും വിദ്യാർഥികൾക്കിടയിൽ പ്രവർത്തനം നടത്തുന്നതിന് സ്ഥാനമാനങ്ങൾ ആവശ്യമില്ലെന്നും ശ്രീക്കുട്ടൻ നിലപാടു വ്യക്തമാക്കി.