കില്ലര്‍ റോബോട്ടുകള്‍ ഭാവിയിലെ വില്ലന്മാര്‍ ! ഭാവിയില്‍ ആണവായുധങ്ങളേക്കാള്‍ ലോകത്തിനു ഭീഷണിയാവുന്നത് സ്വയം ചിന്തിക്കുന്ന റോബോട്ടുകള്‍ എന്ന് വിദഗ്ധര്‍

റോബോട്ടുകളുടെ കാലമാണ് വരാന്‍ പോകുന്നത്. ഇപ്പോള്‍ പലയിടത്തും മനുഷ്യര്‍ ചെയ്യുന്ന ജോലികള്‍ റോബോട്ടുകള്‍ ചെയ്യുന്നുണ്ട്. ഒരു കാലത്ത് സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ മാത്രം കണ്ടിരുന്ന റോബോട്ടുകള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. റോബോട്ടുകളുടെ വികാസം ഗുണത്തോടൊപ്പം ദോഷമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ടെര്‍മിനേറ്റര്‍ പോലുള്ള ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള കില്ലര്‍ റോബോട്ടുകള്‍ ലോകത്തിനു മുമ്പില്‍ യുദ്ധ സന്നദ്ധരായി എത്തുന്ന ഒരു അവസ്ഥയെപ്പറ്റി ആലോചിക്കാന്‍ കഴിയുമോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമബുദ്ധിയുടെ വികാസപ്രവര്‍ത്തനങ്ങള്‍ ഇത്തരത്തില്‍ ‘സ്വയം ചിന്തിച്ചു’ തീരുമാനമെടുക്കുന്ന റോബോട്ടുകളുടെ രംഗപ്രവേശം ത്വരിതപ്പെടുത്തുകയാണ്. ഇത്തരം റോബോട്ടുകളെ ഉപയോഗിച്ച് നടത്തുന്ന യുദ്ധം മുമ്പില്‍ക്കണ്ട് സംബന്ധിച്ച് മുന്‍കരുതലെടുക്കാന്‍ ഐക്യരാഷ്ട്ര സഭയും നിര്‍ബന്ധിതരാവുകയാണ്.

ആണവായുധങ്ങളേക്കാള്‍ ഭാവിയില്‍ ഭയപ്പെടേണ്ട ‘ഓട്ടണോമസ് വെപ്പണു’കളെപ്പറ്റി വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും സാങ്കേതിക മേഖലയിലെ കമ്പനികളുടെയും ഔദ്യോഗികമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതാദ്യമായി അവസരമൊരുക്കുകയാണ് യുഎന്‍. എന്നാല്‍ ഇത്തരം ആയുധങ്ങളുടെ നിര്‍വ്യാപനം സംബന്ധിച്ച ഒരു കരാറിന് ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും സ്വയം ‘നിയന്ത്രിക്കുന്ന’ ആയുധങ്ങളെ വിലക്കണമെന്ന് സാമൂഹികപ്രവര്‍ത്തകരും സാങ്കേതിക മേഖലയിലെ വമ്പന്മാരും തന്നെ ആവശ്യപ്പെടുന്നുണ്ട്. ടെസ്‌ല കമ്പനി തലവന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ് ഇതിന്റെ മുന്‍പന്തിയില്‍.

യുദ്ധത്തിന്റെ പുതിയ തലങ്ങളിലേക്കായിരിക്കും ഇത്തരം റോബോട്ടുകള്‍ നമ്മളെ കൊണ്ടെത്തിക്കുക. എന്നാല്‍ സാധാരണക്കാരുടെ ജീവനു വന്‍നാശമായിരിക്കും ഫലം. നവംബര്‍ 13ന് ആരംഭിക്കുന്ന ‘ആയുധ നിര്‍വ്യാപന യോഗം’ അഞ്ചു ദിവസം നീളും. ഇന്ത്യന്‍ അംബാസഡര്‍ അമന്‍ദീപ് ഗില്ലിന്റെ അധ്യക്ഷതയിലാണു യോഗം. ഇത്തരം ആയുധങ്ങളെ നിരോധിക്കുന്നതു സംബന്ധിച്ച തീരുമാനം യോഗത്തിലുണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. നിരോധനം കൊണ്ടുവരിക എളുപ്പമാണ്. പക്ഷേ സങ്കീര്‍ണമായ ഇത്തരമൊരു വിഷയത്തില്‍ പെട്ടെന്നുള്ള തീരുമാനം ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സ്വയം നിയന്ത്രിത’ ആയുധങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും സ്റ്റാര്‍ട്ടിങ് ലൈനിലാണു ലോകം എന്നും അദ്ദേഹത്തിന്റെ വാക്കുകള്‍.

നിലവില്‍ പലരാജ്യങ്ങളുടെ കയ്യിലും ഇത്തരം ആയുധങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഇവയെ തിരിച്ചറിയുകയാണ് യോഗത്തിന്റെ ലക്ഷ്യം.’കില്ലര്‍ റോബോട്ടുകളുടെ’ ഉള്‍പ്പെടെ നിര്‍മാണം തടയണമെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നത്. കൊല്ലുന്നത് റോബോട്ടുകളാണെങ്കിലും അവയെക്കൊണ്ട് കൊല്ലിക്കുന്നത് മനുഷ്യനാണ്. അതിനാല്‍ത്തന്നെ അവയെ ആരംഭത്തിലേ തടുക്കാന്‍ സാധിക്കണം. വിവിധ അല്‍ഗോരിതം പ്രകാരമാണ് ഇത്തരം ആയുധങ്ങളുടെ പ്രവര്‍ത്തനം. ഇവ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ആരായിരിക്കും ഉത്തരവാദി. യന്ത്രങ്ങള്‍ക്കും അല്‍ഗോരിതങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ ഒരു രാജ്യാന്തര കോടതിക്കും സാധിക്കില്ലെന്നും സംഘടനകള്‍ പറയുന്നു. ഇത്തരം ആയുധങ്ങളുടെ കാര്യത്തില്‍ മനുഷ്യര്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണം. നടപടി ആവശ്യമെങ്കില്‍ അവര്‍ക്കെതിരെയാണ് ഉണ്ടാകേണ്ടത്. ഇത്തരം ആയുധങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ പണിപാളുമെന്നു ചുരുക്കം.

Related posts