ശത്രുരാജ്യത്തിന്റെ ആകാശത്ത് വച്ച് അണുബോംബ് പൊട്ടിച്ച് ആ രാജ്യം അപ്പാടെ തകര്‍ക്കാന്‍ ഉത്തരകൊറിയന്‍ പദ്ധതിയൊരുങ്ങുന്നെന്ന് വിവരം. ശത്രുരാജ്യത്തിന്റെ ആകാശത്ത് ബോംബ് പൊട്ടിക്കുന്നതു വഴി ആ രാജ്യത്തിന്റെ വിമാനങ്ങള്‍, വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തകര്‍ക്കുകയാണ് ഉത്തരകൊറിയന്‍ പദ്ധതിയുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.ഉത്തരകൊറിയയുടെ ഇത്തരം ആകാശ ആണവപദ്ധതികള്‍ പരിഹരിക്കാനാകാത്ത നഷ്ടത്തിനിടയാക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ അമേരിക്കയ്ക്കു മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നത്.
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അമേരിക്കയ്‌ക്കെതിരേ ഇത്തരത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുഎസ് പ്രതിരോധ വിദഗ്ധന്‍ ഹെന്റി എഫ് കൂപ്പറാണ് ഇപ്പോള്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നാല്‍പ്പത് മൈല്‍ ഉയരത്തില്‍ അണുബോംബിട്ടാല്‍ നൂറുകണക്കിന് മൈലുകള്‍ നീളുന്നതായിരിക്കും അതിന്റെ ദുരന്തഫലം. വൈദ്യുതിയും വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലാകുന്നതിനൊപ്പം യാത്രാ വിമാനങ്ങളേയും ബഹിരകാശത്തെ കൃത്രിമോപഗ്രഹങ്ങളെ പോലും ഈ സ്‌ഫോടനം തകര്‍ക്കും. ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന വൈദ്യുതി കാന്തിക തരംഗങ്ങളാണ് ദുരന്തത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്.
എന്നാല്‍ അടുത്തിടെ ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം വായുവില്‍ വച്ചു തകര്‍ന്നതിനാല്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് ചിലര്‍ ചോദിക്കുന്നു. അതേസമയം മിസൈല്‍ പരീക്ഷണം വിജയിച്ചതാണ് ഈയൊരു നീക്കത്തിനു പിന്നിലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.ഉത്തരകൊറിയയുടെ പക്കലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 10 മുതല്‍ 20 കിലോടണ്‍ വരെ ശേഷിയുള്ള അണ്വായുധങ്ങള്‍ ഈ രീതിയില്‍ ആകാശത്ത് വെച്ച് പൊട്ടിച്ചാല്‍ തന്നെ പ്രത്യാഘാതങ്ങള്‍ അതിരൂക്ഷമായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമൊന്നുമില്ല.
മാരക നാശനഷ്ടങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ നൂറുകണക്കിന് കിലോടണ്‍ ശേഷിയുള്ള ആയുധങ്ങള്‍ വേണമെന്നുള്ളത് തെറ്റായ ധാരണയാണെന്നാണ് കൂപ്പര്‍ പറയുന്നത്. നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്നെ ഇത്തരം ആക്രമണം നടത്താമെന്നത് ഉത്തരകൊറിയയെ ആകാശ ആക്രമണത്തിനു പ്രേരിപ്പിക്കാമെന്നും കൂപ്പര്‍ പറയുന്നു. 1962 ല്‍ അമേരിക്ക ഹവായുടെ 900 മൈല്‍ അകലെ നടത്തിയ ആണവ പരീക്ഷണമാണ് അദ്ദേഹം ഉദാഹരണമായി എടുത്തു കാണിക്കുന്നത്. ഹൊണോലുലുവിലെ നൂറുകണക്കിന് തെരുവുവിളക്കുകള്‍ ഈ ആണവസ്‌ഫോടനത്തെ വൈദ്യുത കാന്തിക പ്രസരണത്താല്‍ പൊട്ടിത്തെറിച്ചു. ഭൂമിയില്‍ മാത്രമല്ല ബഹിരാകാശത്തും ഇതിന്റെ അനുരണനങ്ങളുണ്ടായി. ആറ് സാറ്റലൈറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പ്രദേശത്തുകൂടെ പോയിരുന്ന വിമാനങ്ങളുടെ സിഗ്‌നല്‍ സംവിധാനം താറുമാറാവുകയും ചെയ്തു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയെങ്കില്‍ ഉത്തരകൊറിയ ലോകത്തിനു വന്‍ഭീഷണിയാവുമെന്നതില്‍ സംശയമില്ല.