ആശുപത്രിയിലെ മാലിന്യത്തിന്റെ ലൈവ് വൈറലായി ! മാലിന്യക്കുരുക്ക് തീര്‍ക്കാന്‍ 91 ലക്ഷം അനുവദിച്ച് മന്ത്രി ശൈലജ; മന്ത്രിയ്ക്ക് സോഷ്യല്‍ മീഡിയയുടെ പ്രശംസ

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി ഇട്ട ഫേസ്ബുക്ക് ലൈവ് ഒടുവില്‍ ഫലം കണ്ടു. പ്രശ്‌നത്തില്‍ അടിയന്തര പരിഹാരവുമായി ആരോഗ്യമന്ത്രി കെ. കെ ശൈലജ രംഗത്തെത്തി. മാലിന്യം സംസ്‌ക്കരിക്കാനായി 91 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മാലിന്യ പ്രശ്നം പറയാനെത്തിയ വിദ്യാര്‍ത്ഥികളെ ആശുപത്രി സൂപ്രണ്ട് പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പ്രശ്നത്തെ ഗൗരവമായി കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ നടപടി സ്വീകരിച്ചെന്ന് കെ കെ ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മാലിന്യം പൊട്ടി ഒഴുകുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ഇതിന് മുമ്പ് ഈ പ്രശ്നത്തിന് താത്ക്കാലികമായി പരിഹാരം കണ്ടിരുന്നു. എന്നാല്‍ വീണ്ടും ഇതുണ്ടായതിനെപ്പറ്റി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോടും ജില്ല മെഡിക്കല്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് സ്ഥിരമായ പരിഹാരം കാണാനാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതിനായി 91 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

പുതിയ ബ്ലോക്ക് നിര്‍മ്മിച്ചതു മുതലാണ് ഇങ്ങനെയൊരു പ്രശ്നമുണ്ടായതെന്നാണ് ഡി.എം.ഒ. വ്യക്തമാക്കിയിട്ടുള്ളത്. സ്വീവേജ് സംവിധാനം പൂര്‍ത്തിയാക്കാത്തതു കൊണ്ടാണ് ഈ കെട്ടിടം കൈമാറാത്തത്. നിലവിലെ ്രൈഡനേജ് സംവിധാനം നേരത്തേയും ഓവര്‍ ഫ്ളോ ആയിരുന്നു. അന്ന് മുന്‍സിപ്പാലിറ്റിയുമായി ചേര്‍ന്ന് ചെറിയൊരു പ്ലാന്റ് നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇവിടം ചതിപ്പ് പ്രദേശമായതിനാല്‍ അത് നിറഞ്ഞ് വീണ്ടും ഓവര്‍ഫ്ളോ ആകുകയായിരുന്നു. മാലിന്യങ്ങള്‍ ഉടന്‍ തന്നെ പമ്പ് ചെയ്ത് നീക്കുന്നതാണെന്നും ഡി.എം.ഒ. അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറും ഇടപെടുന്നതാണ്.

Related posts