പാര്‍ട്ടിക്കാര്‍ പറഞ്ഞതു കേട്ടു; 17 പേരുടെ പണി പോയി !

bis-ciyalസിജോ പൈനാടത്ത്
കൊച്ചി: പാര്‍ട്ടികളുടെയും യൂണിയനുകളുടെയും നേതാക്കളെ അനുസരിച്ച് തൊഴിലുടമകള്‍ക്കെതിരെ നിലപാടെടുത്ത, തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് വിഭാഗത്തിലെ പതിനേഴു കരാര്‍ തൊഴിലാളികള്‍ക്കാണ് ഉണ്ടായിരുന്ന തൊഴില്‍ നഷ്ടമായത്. വിമാനത്താവളത്തിലെ കാര്‍ഗോ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്ന എയര്‍ ഇന്ത്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിനായി (എഐഎടിഎസ്എല്‍) വിമാനത്താവളത്തിലെ വിവിധ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ജോലികള്‍ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ഏതാനും ജീവനക്കാരാണു പുറത്തായത്. വേതനവര്‍ധനവുള്‍പ്പടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ ജൂലൈയില്‍ മിന്നല്‍ പണിമുടക്കു നടത്തിയ 120 തൊഴിലാളികളെയാണു കമ്പനി പുറത്താക്കിയത്.

കമ്പനി മുന്നോട്ടുവയ്ക്കുന്ന ഏഴിന നിബന്ധനകള്‍ പാലിക്കാമെന്നു മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കുന്നവരെ ജോലിയില്‍ തിരിച്ചു പ്രവേശിപ്പിക്കാമെന്ന് അറിയിച്ചിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്യാനുള്ള സന്നദ്ധത, യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്, ജോലിക്കിടെ നാശനഷ്ടങ്ങളുണ്ടായാല്‍ ശമ്പളത്തില്‍ നിന്ന് ഈടാക്കാനുള്ള സമ്മതം തുടങ്ങിയ നിബന്ധനകളാണു കമ്പനി മുന്നോട്ടുവച്ചത്.

രണ്ടു ഘട്ടങ്ങളിലായി 103 പേര്‍ സമരം നിര്‍ത്തി മുദ്രപത്രം ഒപ്പിട്ടു നല്‍കി ജോലിയില്‍ തിരിച്ചു പ്രവേശിച്ചു. നിബന്ധനകള്‍ അനുസരിച്ച് മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയാല്‍ യൂണിയനുകള്‍ അപ്രസക്തമാകുമെന്നു, നേതാക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നു പതിനേഴു പേര്‍ അതിനു തയാറായില്ല. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ ഇക്കൂട്ടത്തിലുണ്ട്. ഇവര്‍ക്കു ജോലിയില്‍ തിരിച്ചുപ്രവേശിക്കാന്‍ അവസരമൊരുക്കുമെന്നു യൂണിയന്‍ നേതാക്കള്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും മൂന്നു മാസമായിട്ടും നടപടികളൊന്നുമായിട്ടില്ലെന്നു തൊഴിലാളികള്‍ കുറ്റപ്പെടുത്തി.

വിമാനത്താവളത്തിലെ തൊഴില്‍ നഷ്ടമായതോടെ തങ്ങളുടെ ജീവിതം പ്രതിസന്ധിയിലായെന്നും അവര്‍ പറയുന്നു. അതേസമയം പുറത്താക്കപ്പെട്ട തൊഴിലാളികളെ തിരിച്ചു പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നു സിഐടിയു ജില്ലാ പ്രസിഡന്റ് കെ.എന്‍. ഗോപിനാഥ് പറഞ്ഞു.

Related posts