കോടിയേരി ജനജാഗ്രത യാത്രയില്‍ സഞ്ചരിക്കുന്നത് സ്വര്‍ണക്കടത്തു കേസിലെ പ്രതിയുടെ കാര്‍, കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ ഗുരുതര ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. എല്‍ഡിഎഫിന്റെ ജനജാഗ്രത യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കോടിയേരി സഞ്ചരിച്ചത് കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ കാരാട്ട് ഫൈസലിന്റെ വാഹനത്തിലാണെന്നാണ് ആരോപണം. കോടിയേരി ഫൈസലിന്റെ കാറില്‍ സഞ്ചരിക്കുന്ന ചിത്രവും ഫേസ്ബുക്കിലൂടെ സുരേന്ദ്രന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇടതു നേതാവായ ഫൈസല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് അടുത്തിടെ അറസ്റ്റിലായിരുന്നു. സുരേന്ദ്രന്റെ പോസ്റ്റ് ഇപ്രകാരം- ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും.

സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി. ആര്‍. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ?

Related posts