വൈക്കം: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് വൈക്കം കെ എസ് ആർടി സി ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും. കഴിഞ്ഞ ദിവസം ഉല്ലലയിൽ നിന്ന് ബസ് വൈക്കത്തേക്ക് വരുന്നതിനിടയിൽ യാത്രക്കാരനായഅജീഷ്കുമാറിന് ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ഗുരുതരാവസ്ഥ മനസിലാക്കിയ ബസ് ഡ്രൈവർ അനിൽകുമാറും കണ്ടക്ടർ ജയേഷും ബസ് നേരിട്ട് വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് അജീഷ് കുമാറിന് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മണിക്കൂറുകൾക്കകം ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും നടത്താൻ സാധിച്ചു. അനിൽകുമാറിൻ്റേയും ജയേഷിൻ്റേയും അവസരോചിതമായ ഇടപെടലാണ് ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് വൈക്കം കൊതവറ സ്വദേശിയായ അജീഷ്കുമാറിന്റെ ഭാര്യ സ്മിത പറഞ്ഞു.
