സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല പറഞ്ഞത്! എന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന പ്രസ്താവനയ്ക്ക് പുതിയ വിശദീകരണവുമായി കെ.പി. ശശികല

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയുടെ പ്രസ്താവന അവര്‍ക്കു തന്നെ തിരിച്ചടിയായിരുന്നു. ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശശികലയുടെ ഈ പ്രസ്താവന വീണ്ടും ആളുകള്‍ കുത്തിപ്പൊക്കി അവരെ പരിഹസിക്കുകയും ചെയ്തിരുന്നു. ശബരിമലയില്‍ സ്ത്രീകള്‍ കയറിയ സാഹചര്യത്തില്‍ ശശികല വാക്ക് പാലിക്കണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. മുഖ്യമന്ത്രി പോലും ശശികലയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി പരിഹാസം ഉന്നയിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ഇപ്പോഴിതാ, ശബരിമലയില്‍ സ്ത്രീകള്‍ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കെ.പി. ശശികല രംഗത്തെത്തിയിരിക്കുന്നു. ആത്മഹത്യ ചെയ്യുമെന്നല്ല താന്‍ പറഞ്ഞതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ ശശികല വിശദീകരിക്കുകയും ചെയ്തു.

ശശികലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

ഞാന്‍ ആത്മാഹുതി ചെയ്യും,ചെയ്‌തോ എന്നെല്ലാം കമ്മികളുടേയും സുഡാപ്പികളുടേയും പ്രചരണത്തെ അര്‍ഹിക്കുന്ന അവഗണന യോടെ തന്നെ തള്ളിക്കളഞ്ഞിരുന്നു . ആത്മാഹുതി ചെയ്യാന്‍ മടിയൊന്നുമില്ല.പക്ഷെ എന്റെ പ്രസ്ഥാനം പഠിപ്പിച്ചിരിക്കുന്നത് പൊരുതാനാണ്.അന്തിമ വിജയം ധര്‍മ്മത്തിന്റേതാണ് എന്നുമാണ്.അതുകൊണ്ടുതന്നെ പരാജിതന്റേയേയോ ഭീരുവിന്റേയോ ഭാഷ ഞാന്‍ പ്രയോഗിക്കില്ല.

ഇന്നലെ മുഖ്യമന്ത്രി ആ നുണ കയ്യടിക്കുവേണ്ടി ഉപയോഗിച്ചപ്പോള്‍ മാത്രം പ്രതികരിക്കുകയാണ്. സ്ത്രീ കയറിയാല്‍ ആത്മഹത്യ ചെയ്യുമെന്നല്ല, കയറുന്നത് തടയാന്‍ ജീവന്‍ ഹോമിക്കാനും തയ്യാറാണ് എന്ന് അന്നും ഇന്നും എന്നും പ്രഖ്യാപിക്കും .അതു കൊണ്ടാണല്ലോ മരക്കൂട്ടത്തു നിന്നും എന്നെ പിടിച്ചു വലിച്ച് താഴേക്ക് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിച്ചത്.

അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് തെളിയിക്കാന്‍ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്. ഞാന്‍ പറഞ്ഞതിന്റെ വീഡിയോ പുറത്തു വിടണം.തിരുപ്പതി ദേവസ്വം ബോര്‍ഡ് വിഷയം പോലുള്ള മറ്റേപ്പണിക്ക് മുതിരരുത്. edit ചെയ്യാന്‍ ശ്രമിക്കരുത് എന്ന് ചുരുക്കം (ഇനി ആത്മഹത്യാ ഭീഷണി മുഴക്കി എങ്കില്‍ തെളിവു സഹിതം എന്നെ അറസ്റ്റു ചെയ്യാന്‍ ആഭ്യന്തരം കയ്യാളുന്ന മുഖ്യന്‍ നടപടി സ്വീകരിക്കണം.അല്ലാത്തപക്ഷം വെറും സൈബര്‍ കമ്മിയായി തരം താണെന്ന് സമ്മതിക്കുക).

Related posts