ഇപ്പം ശരിയാകും..! ഇതുവരെ നീട്ടിനല്‍കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാന്‍ ശിപാര്‍ശ

L-PSCതിരുവനന്തപുരം: പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സര്‍ക്കാര്‍ ശിപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം പിഎസ് സിയോട് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. മുന്‍പ് സമയപരിധി നീട്ടി നല്‍കാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഡിസംബര്‍ 31ന് തീരുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസത്തേക്കും മാര്‍ച്ച് 31ന് കാലാവധി തീരുന്ന റാങ്ക് പട്ടികകള്‍ മൂന്ന് മാസത്തേയ്ക്കും നീട്ടാനാണ് മന്ത്രിസഭായോഗം ശിപാര്‍ശ ചെയ്യുന്നത്.

വെള്ളിയാഴ്ച ചേരുന്ന പിഎസ് സിയുടെ അടിയന്തരയോഗം സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്‌തേക്കും. സര്‍ക്കാര്‍ ശിപാര്‍ശ പിഎസ് സി അംഗീകരിക്കാനാണ് സാധ്യത.

അതേസമയം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ശിപാര്‍ശ തിരിച്ചടിയാണ്. കെഎസ്ഇബി മസ്ദൂര്‍ റാങ്ക് ലിസ്റ്റുകാരാണ് സമരം നടത്തുന്നത്. ഇവരുടെ റാങ്ക് ലിസ്റ്റ് മുന്‍പ് രണ്ടു തവണ നീട്ടി നല്‍കിയതാണ്.

Related posts