കാസർഗോഡ്: പരോളിലിറങ്ങിയ ശേഷം പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ റീൽ ചിത്രീകരണം. കേസിലെ ഏഴാം പ്രതി അശ്വിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അശ്വിൻ തന്നെയാണ് റീൽ പങ്കുവച്ചത്.
സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കരുത് എന്ന പരോൾ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് റീൽ ചിത്രീകരണം. പെരിയ ഇരട്ടക്കൊലപാതക കേസിൽ കൂട്ട പരോൾ അനുവദിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരോൾ വ്യവസ്ഥയുടെ ലംഘനം.
പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാം പ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിലുള്ളത്.
ഇരുപത് ദിവസത്തേക്കാണ് ഇവര്‍ക്ക് പരോൾ അനുവദിച്ചത്. എൽഡിഎഫ് സർക്കാർ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികൾക്കും പരോളിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
