തച്ചങ്കരിയുടെ തന്ത്രങ്ങള്‍ ഏറ്റുതുടങ്ങി! നഷ്ടത്തില്‍ മുങ്ങിയിരുന്ന കെഎസ്ആര്‍ടിസിയ്ക്ക് കഴിഞ്ഞ മാസം അധിക വരുമാനം ഏഴരക്കോടി രൂപ; ഒരടിപോലും പിന്നോട്ടില്ലെന്ന് തച്ചങ്കരി

ടോമിന്‍ തച്ചങ്കരിയുടെ പരീക്ഷണങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ ഫലിച്ചു തുടങ്ങുന്നു. നിരന്തരം നഷ്ട കണക്കുകള്‍ മാത്രം പറയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാന വര്‍ധന. 197.64 കോടി രൂപയാണ് ജൂലൈ മാസത്തെ കളക്ഷന്‍. ജൂണ്‍ മാസത്തില്‍ ഇത് 189.98 കോടിയായിരുന്നു.

ജൂണ്‍ മാസത്തേക്കാള്‍ 7.66 കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതില്‍ കെഎസ്ആര്‍ടിസി നേടിയ കളക്ഷന്‍ 182.50 കോടി രൂപയും കെയുആര്‍ടിസിയുടെ കളക്ഷന്‍ 15.13 കോടി രൂപയുമാണ്. പ്രതിദിന കളക്ഷനില്‍ ജൂലൈ ഒന്‍പത്, 23 തീയതികളിലാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഒന്‍പതിന് 7.14 കോടിയും 23ന് 7.16 കോടി രൂപയുമായിരുന്നു കളക്ഷന്‍.

എംഡിയായ ശേഷം നിരവധി പരിഷ്‌ക്കാരങ്ങള്‍ ടോമിന്‍ തച്ചങ്കരി കൊണ്ട് വന്നിരുന്നു. പരിഷ്‌കാര നടപടികളില്‍ പിന്നോട്ടില്ലെന്ന് ടോമിന്‍ തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളില്‍ കൈകടത്താന്‍ തൊഴിലാളി യൂണിയനുകളെ അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നില്‍ക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related posts