ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ വച്ച് അഞ്ചാം ക്ലാസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം! കുട്ടി ബഹളം വച്ചതോടെ യാത്രക്കാര്‍ ബസ് തടഞ്ഞിട്ടു; കണ്ടക്ടര്‍ അറസ്റ്റില്‍

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ വെച്ച് പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സരണിയിലെ മടമംഗലത്ത് ഹൗസില്‍ ഗഫൂറിനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

ഗഫൂറിനെതിരെ പോക്‌സോ നിയമം അനുസരിച്ചാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടക്കുന്നത്. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ നിന്നും ചവറയിലേക്ക് പോകുകയായിരുന്ന ബസില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഗഫൂര്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരന്‍മാര്‍ക്കൊപ്പമാണ് ചവറയിലേക്ക് പോകാന്‍ ബസ്സില്‍ കയറിയത്. നങ്ങ്യാര്‍കുളങ്ങരയില്‍ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റില്‍ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടര്‍ന്ന് ബസ്സ് തടഞ്ഞിട്ട് പോലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍തന്നെ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും ബസ് കായംകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കായംകുളം പോലീസ് സംഘം കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മലപ്പുറത്ത് നിന്നു തിരുവനന്തപുരത്തേക്കു സവാരി നടത്തുന്ന സൂപ്പര്‍ഫാസ്റ്റ് ബസിലെ കണ്ടക്ടറാണ് ഗഫൂര്‍.

Related posts