പയ്യോളിയില്‍ സ്‌റ്റോപ്പ് ഉള്ള ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിട്ടും പെണ്‍കുട്ടി മിന്നല്‍ ബസില്‍ ടിക്കറ്റെടുത്തത് പയ്യോളിയില്‍ ബസ് നിര്‍ത്തിക്കാമെന്ന് പിതാവ് കൊടുത്ത ഉറപ്പിന്റെ ബലത്തില്‍; മിന്നല്‍ സര്‍വീസ് വിവാദം പുതിയ വഴിത്തിരിവിലേക്ക്…

കോഴിക്കോട്: അര്‍ധരാത്രിയില്‍ പതിനേഴുകാരിയുമായി പറന്ന കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസ് വിവാദം പുതിയ വഴിത്തിരിവിലേക്ക്. കെഎസ്ആര്‍ടിസി ജീവനക്കാരുടെ വാദവും സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നാണ് വിവരം. കക്ഷി രാഷ്ട്രീയ ഭേദമന്യേയാണ് ജീവനക്കാര്‍ ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് തങ്ങളുടെ ഭാഗം വീശദീകരിച്ചത്.

മിന്നല്‍ ബസ് പയ്യോളിയില്‍ നിര്‍ത്തില്ലെന്നും അതിനാല്‍ കോഴിക്കോട് ഇറങ്ങിക്കൊള്ളാന്‍ ബസിലെ കണ്ടക്ടര്‍ പെണ്‍കുട്ടിയോട് കോഴിക്കോട് സ്റ്റാന്‍ഡില്‍വെച്ച് അഭ്യര്‍ത്ഥിച്ചതായാണ് ജീവനക്കാര്‍ പറയുന്നത്. ബസിലെ മറ്റ് യാത്രക്കാര്‍ ഇതിന് ദൃക്സാക്ഷികളാണെന്നും അവര്‍ പറയുന്നു. ഇത് മിന്നല്‍ ബസാണെന്നും ഇനി കണ്ണൂരെ നിര്‍ത്തുള്ളുവെന്നും കണ്ടക്ടര്‍ സ്റ്റാന്‍ഡില്‍വെച്ച് പരസ്യമായി അനൗണ്‍സ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടി അതൊന്നും ശ്രദ്ധിക്കാതെ മൊബൈലില്‍ ആയിരുന്നു. പെണ്‍കുട്ടി ടിക്കറ്റ് എടുക്കുമ്പോഴും ഇക്കാര്യം കണ്ടക്ടര്‍ എടുത്തു പറയുകയും, തൊട്ടടുത്ത് പയ്യോളിയില്‍ സ്റ്റോപ്പുള്ള ബസ് ചൂണ്ടിക്കാട്ടിക്കൊടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കൂട്ടാക്കാതെ പെണ്‍കുട്ടി കണ്ണൂര്‍ക്ക് ടിക്കറ്റ് എടുക്കുയായിരുന്നു.

പെണ്‍കുട്ടി ഫോണില്‍ പിതാവിനെ വിളിച്ച് ചോദിച്ചശേഷമാണ് ടിക്കറ്റെടുത്തതെന്നും ബസ് പയ്യോളിയില്‍ നിര്‍ത്തിക്കുമെന്ന് പിതാവ് കൊടുത്ത ഉറപ്പിന്റെ പുറത്താണ് യാത്ര തുടര്‍ന്നതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. മറ്റ് യാത്രക്കാര്‍ ഇതിനെല്ലാം സാക്ഷികളാണെന്നും പ്രശ്നത്തില്‍ അവര്‍ ഇടപെടാതിരുന്നത് പെണ്‍കുട്ടിയുടെ ഭാഗത്ത് ന്യായമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പെണ്‍കുട്ടിയുടെ നേരെ പിറകിലുള്ള സീറ്റിലിരുന്നത് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്റ്റേഷനിലെ ഒരു പൊലീസുകാരനായിരുന്നെന്നും ഇയാള്‍ അടക്കം നിരവധി സാക്ഷികള്‍ തങ്ങള്‍ക്കൊപ്പമാണെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. യാത്രക്കാരില്‍ ഒരാള്‍ പോലും പെണ്‍കുട്ടിയെ അനുകൂലിച്ചിട്ടില്ലെന്നും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പറയുന്നു.

ദേശീയപാതയില്‍ വടകര ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ വാഹനം കുറുകെയിട്ടാണ് പൊലീസ് ബസ് തടഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ക്ഷുഭിതരായ പൊലീസ് ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിക്കാനായി പാഞ്ഞെടുത്തപ്പോള്‍, കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതും ഇതേ പൊലീസുകാരനാണെന്നും ജീവനക്കാര്‍ പറയുന്നു. മറ്റ് യാത്രക്കാരും ഇതേ കാര്യം പറഞ്ഞതോടെ കുറ്റക്കാരല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പൊലീസ് അപ്പോള്‍ തന്നെ തങ്ങളെ വെറുതെ വിട്ടതെന്നും, അല്ലായിരുന്നെങ്കില്‍ അപ്പോള്‍ തന്നെ തങ്ങളെ കസ്റ്റഡിയില്‍ എടുക്കാമായിരുന്നില്ലേയെന്നും ജീവനക്കാര്‍ ചോദിക്കുന്നു.

മിന്നല്‍ ബസ് ഒരു കാരണവശാലും നിശ്ചിത സ്റ്റോപ്പിലല്ലാതെ നിര്‍ത്തരുതെന്ന് എം.ജി.രാജമാണിക്യം കെഎസ്ആര്‍ടിസി എംഡിയായിരിക്കേ ഇറക്കിയ ഉത്തരവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. സൂപ്പര്‍ എക്സപ്രസ് ഉള്‍പ്പെടെയുള്ള ബസുകള്‍ രാത്രി പത്തിനുശേഷം യാതക്കാര്‍ പറഞ്ഞാല്‍ എവിടെവേണമെങ്കിലും നിര്‍ത്തണമെങ്കിലും മിന്നല്‍ സര്‍വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിക്ക് നല്ലവരുമാനം ഉണ്ടാക്കുന്ന സര്‍വീസാണ് മിന്നല്‍ . സമയബന്ധിതമായ യാത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്നതും മിന്നലിനെ ആനവണ്ടികളിലെ താരമാക്കുന്നത്. രണ്ടുമാസം മുന്‍പ് കോഴിക്കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെടാന്‍ അഞ്ചുമിനിറ്റ് താമസിച്ചതിന് സ്റ്റേഷന്‍ മാസ്റ്റര്‍ക്കെതിരേ നടപടി എടുത്ത സംഭവവും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് കൈകാട്ടിയപ്പോള്‍ യാത്രക്കാരാണെന്നു വിചാരിച്ചാണ് നിര്‍ത്താതെ പോയതെന്ന് ജീവനക്കാര്‍ പറയുന്നു.എന്നാല്‍ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍പോലും ഈ വാദം ആരും ശരിവെച്ചിട്ടില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും കേള്‍ക്കാത്ത പെണ്‍കുട്ടിയെ കണ്ണൂരില്‍ കൊണ്ടേ ഇനി ഇറക്കൂ എന്ന വാശി ജീവനക്കാര്‍ക്കും പിടികൂടിയോ എന്ന് സംശയമുണ്ടെന്ന് ഒരു വിഭാഗം ജീവനക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ചോമ്പോല്‍ പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും അവര്‍ സ്റ്റേഷനില്‍ ഹാജരായിട്ടില്ല.

 

 

Related posts