അഞ്ച് മാസം മുമ്പ് ജോലി രാജിവച്ചയാള്‍ക്കും ശമ്പളം നല്‍കി കെഎസ്ആര്‍ടിസി! വിവരം പുറത്തുവന്നതോടെ നോട്ടീസ് ബോര്‍ഡിലെ രേഖകളും അപ്രത്യക്ഷമായി; മൂന്നാല്‍ ഡിപ്പോയില്‍ നടന്ന സംഭവമിങ്ങനെ

ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളം നല്‍കേണ്ട കാര്യമുണ്ടോ. സാധാരണഗതിയില്‍ ഇല്ല. എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ആ ചരിത്രം മാറ്റിക്കുറിച്ചു. അഞ്ചു മാസം മുമ്പ് ജോലി രാജിവച്ച് മറ്റൊരു ജോലിയില്‍ പ്രവേശിച്ചയാള്‍ക്കും ശമ്പളം നല്‍കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

മൂന്നാര്‍ ഡിപ്പോയില്‍ ജോലി നോക്കിയിരുന്ന മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരന്‍ അഞ്ചു മാസം മുമ്പ് ജല അതോറിറ്റിയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണു കെ.എസ്.ആര്‍.ടി.സി. വിട്ടത്. ഇയാള്‍ക്കാണു കഴിഞ്ഞ മാസം അക്കൗണ്ടില്‍ കൃത്യമായി ശമ്പളമിട്ടുനല്‍കി കോര്‍പ്പറേഷന്‍, ജീവനക്കാരനോടുള്ള സ്‌നേഹം തെളിയിച്ചത്.

കോതമംഗലം ഡിപ്പോയുടെ കീഴിലുള്ള സബ്ഡിപ്പോയാണ് മൂന്നാറിലുള്ളത്. അതുകൊണ്ടു തന്നെ മൂന്നാറിലെ എഴുത്തുകുത്തുകള്‍ നടക്കുന്നത് കോതമംഗലത്താണ് ഇവിടെ സൂപ്രണ്ടു തലത്തില്‍ വന്ന വീഴ്ചയാണ് രാജിവച്ചു പോയ ജീവനക്കാരനും മാസങ്ങള്‍ക്കു ശേഷം ശമ്പളം ലഭിക്കാനിടയായത്. അക്കൗണ്ടില്‍ വന്ന ശമ്പളം എ.ടി.എമ്മില്‍ നിന്നു പിന്‍വലിച്ച കാര്യം ജീവനക്കാരന്‍ തന്നെയാണു സഹപ്രവര്‍ത്തകരെ അറിയിച്ചത്.

കഴിഞ്ഞ ദിവസം വരെ ഇയാള്‍ക്ക് ശമ്പളം നല്‍കിയതിന്റെ രേഖകള്‍ മറ്റുള്ളവര്‍ക്കൊപ്പം നോട്ടീസ് ബോര്‍ഡില്‍ ഉണ്ടായിരുന്നു. എന്നാല്‍, വിവരം പുറത്തുവന്നതോടെ ഇത് അപ്രത്യക്ഷമായി. കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരെ പുനഃക്രമീകരിച്ചിട്ടും കോതമംഗലം, തൊടുപുഴ ഡിപ്പോകളിലടക്കം ഇടുക്കി ജില്ലയിലെ പല ഡിപ്പോകളിലും സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ എണ്ണം കൂടുതലാണ്.

ജീവനക്കാരുടെ അത്യാവശ്യ പേപ്പര്‍ വര്‍ക്കുകള്‍ പോലും എന്നിട്ടും സമയത്ത് ഇവര്‍ നടത്തികൊടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അതിനിടെയാണ് അഞ്ചു മാസം മുന്‍പ് ജോലി ഉപേക്ഷിച്ച ആളിനും ശമ്പളം നല്‍കി കോര്‍പറേഷന്‍ മാതൃകയായത്.

Related posts