ഇതാണ് രാജ്യത്തെ ഏറ്റവും ‘നീളമുള്ള’ കുല്‍ക്കര്‍ണി കുടുംബം! മാതാപിതാക്കളും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്‍ക്കും ആറടിയിലധികം ഉയരമുള്ള കുടുംബത്തിന്റെ രസകരമായ വിശേഷങ്ങള്‍ ഇങ്ങനെ

ഉയരം കൂടുതലുള്ളവര്‍ക്കും ഉയരം തീരെ കുറവുള്ളവര്‍ക്കും അവരുടേതായ വിഷമങ്ങളുണ്ട്. എന്നാല്‍ അതിഭയങ്കരമായ ഉയരവും തീര്‍ത്തും പൊക്കക്കുറവും ഉള്ളവര്‍ക്ക് അത് ചിലപ്പോഴൊക്കെ അഭിമാനിക്കാന്‍ വക നല്‍കാറുണ്ട്. സമാനമായ രീതിയില്‍ ഉയരക്കൂടുതല്‍ ഉപയോഗിച്ച് താരമായിരിക്കുന്ന ഒരു കുടുംബത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേമായിരിക്കുന്നത്.

ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ദമ്പതികളാണ്, പൂണെയിലെ പിമ്പിരി നിവാസിയായ ശരത് കുല്‍ക്കര്‍ണിയും ഭാര്യ സംജോതും. കുല്‍ക്കര്‍ണിക്ക് ഉയരം 7അടി 1.5 ഇഞ്ചാണ്. സംജോതിന്റെ ഉയരം 6 അടി 2.6 ഇഞ്ചാണ്.

കുല്‍ക്കര്‍ണിയുടെ രണ്ടു പെണ്‍മക്കളും 6 അടിയില്‍ കൂടുതല്‍ ഉയരമുള്ളവരാണ്. മൂത്തമകള്‍ മൃഗ (26) യുടെ ഉയരം 6 അടി 1 ഇഞ്ചും ഇളയമകള്‍ സാനിയ (20) യുടെ ഉയരം 6 അടി 4 ഇഞ്ചുമാണ്. അറിയപ്പെടുന്ന മോഡലുകളാണ് ഇവര്‍ രണ്ടുപേരും.

ഭാരതത്തിലെ ഏറ്റവും കൂടുതല്‍ ഉയരമുള്ള കപ്പിള്‍ ആയി ലിംകാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ കുല്‍ക്കര്‍ണിയും സംജോതും സ്ഥാനം പിടിച്ചിട്ടുമുണ്ട്. 1989 ലാണ് ഇവരുടെ വിവാഹം നടക്കുന്നത്. അതിനു പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.

കൊച്ചുമകള്‍ സംജോത്തിന്റെ ഉയരത്തിനനുയോജ്യനായ യുവാവിനെ തിരയുന്നതിനിടയില്‍ മാര്‍ക്കറ്റില്‍ വച്ചാണ് മുത്തശ്ശി ശരത്തിനെ കാണുന്നത്. കണ്ടപാടെ അവര്‍ അവിടെവച്ചു നേരിട്ട് ചോദിച്ചു. എന്റെ കൊച്ചുമകള്‍ക്ക് നിന്നെപ്പോലെ ഉയരമുണ്ട്.. നിനക്കവള്‍ നല്ല ചേര്‍ച്ചയാകും.. അവളെ വിവാഹം കഴിക്കാമോ ?

ഒരു നിമിഷം അമ്പരന്നുപോയ ശരത് ഉയരം മനസ്സിലാക്കി പെണ്‍കുട്ടിയെ നേരില്‍ കാണാന്‍ തയ്യാറായി. അത് വിവാഹത്തില്‍ കലാശിച്ചു.. ബാങ്ക് ഉദ്യോഗസ്ഥനായ കുല്‍ക്കര്‍ണിയുടെ വീടിനുമുണ്ട് പ്രത്യേകതകള്‍. കതകുകള്‍ 8 അടി ഉയരമാക്കി. കിടക്കയും,സോഫയും രൂപമാറ്റം വരുത്തി.

കിച്ചന്‍ റാക്കുകള്‍,ടോയിലറ്റ് ഒക്കെ ഉയരം ക്രമീകരിച്ചു നിര്‍മ്മിച്ചു. രണ്ടുപേരുടെയും കാലിലെ ചെരുപ്പും ഷൂസും ( 8 ഇഞ്ച് , 12 ഇഞ്ച്) യൂറോപ്പില്‍നിന്ന് ഓണ്‍ലൈന്‍ വഴിയാണ് വരുത്തുന്നത്. സീലിംഗ് ഫാന്‍ ക്ലീന്‍ ചെയ്യുന്നത് കുല്‍ക്കര്‍ണി തറയില്‍ നിന്നുകൊണ്ടാണ്.

ഇവര്‍ ഉയരം മൂലം ബസ്സിലോ,കാറിലോ യാത്ര ചെയ്യാറില്ല. സ്‌കൂട്ടറിലാണ് യാത്ര മുഴുവനും. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ഏറ്റവും മുന്നിലത്തെ സീറ്റ് ചോദിച്ചു വാങ്ങും. മുന്നിലാകുമ്പോള്‍ അവിടെ കാലുകള്‍ നീട്ടി വയ്ക്കാമല്ലോ. ഇവരുടെ ബന്ധുക്കളുടെയും കാര്യം ഏകദേശം സമാനമാണ്. ഇരു കുടുംബങ്ങളിലെയും പഴയതും പുതിയതുമായ തലമുറകള്‍ പൊക്കക്കാര്‍ തന്നെ.

Related posts