ഇത് തമാശയില്‍ നിന്നും ഏറെ അകലെയാണ് ! ഞാനിതുവരെ അനുഭവിച്ചതില്‍ ഏറ്റവും ക്രൂരമായ വംശീയാധിക്ഷേപമാണിത്; ചില മലയാളികള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് തുറന്നു പറഞ്ഞ് സുഡുമോന്‍ സാമുവല്‍

സുഡാനി ഫ്രം നൈജീരിയ എന്ന ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സാമുവല്‍ ആബിയോള റോബിന്‍സണ്‍. ഈ നൈജീരിയ സ്വദേശിയെ മലയാളികള്‍ സ്‌നേഹത്തോടെ സുഡുമോന്‍ എന്നു വിളിക്കുകയും ചെയ്തു. ചിത്രം സൂപ്പര്‍ഹിറ്റായതിനു ശേഷം സാമുവല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കേരളത്തോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. തനിക്ക് ഇനിയും മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ ഇതേ മലയാളത്തില്‍ നിന്ന് വേദനിപ്പിക്കുന്ന ഒരു അനുഭവം നേരിട്ടിരിക്കുകയാണ് സാമുവല്‍.

തന്നെ വംശീയമായി ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് താരത്തെ വേദനിപ്പിച്ചത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയിലെ ഒരു രംഗമുപയോഗിച്ച് വംശീയമായി മീം നിര്‍മിച്ചതില്‍ വളരെ സങ്കടവും ദേഷ്യവും തുറന്ന് പറഞ്ഞിരിക്കുകയാണ് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ. മലയാളത്തിലെ പ്രമുഖ മീം പേജായ ‘ഒഫന്‍സിവ് മലയാളം മീം’ എന്ന പേജിലാണ് തനിക്കെതിരെയുള്ള വംശീയമായ തമാശ പോസ്റ്റ് ചെയ്‌തെതെന്ന് സാമുവല്‍ പറയുന്നു. തനിക്കെതിരെ വംശീയമായി നിര്‍മിച്ച തമാശയില്‍ അതിരാവിലെ തൊട്ട് തന്നെ ഒരുപാട് പേര്‍ പേര് ടാഗ് ചെയ്യുകയും വളരെ സങ്കടവും ദേഷ്യവും തോന്നിയെന്നും സാമുവല്‍ പറയുന്നു.

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ കാലിന് പരിക്കേറ്റ് കിടക്കുന്ന സാമുവലിന്റെയും കോച്ചായി അഭിനയിച്ച സൗബിന്റെയും ചിത്രത്തിന് മുകളില്‍’ഒരു മൃഗത്തെയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ അപായപ്പെടുത്തിയിട്ടില്ല പക്ഷെ ഇതിനെ കുറിച്ച് മറന്നേക്കൂ’ എന്ന് എഴുതിയാണ് വംശീയമായ മീം നിര്‍മിച്ചിട്ടുള്ളത്. മീം വിവാദമായ സാഹചര്യത്തില്‍ ഒഫന്‍സിവ് മലയാളം മെമെ പേജ് ഇപ്പോള്‍ അടച്ച് പൂട്ടിയ നിലയിലാണ്. ഫേസ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലെയും സുഹൃത്തുക്കളെ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വേണ്ട നടപടികള്‍ക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാമുവല്‍ പറയുന്നു.

‘ഒരാളെ വംശീയമായി ആക്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല, ഒരാള്‍ക്ക് നേരെയുള്ള ഏറ്റവും നീചമായ ആക്രമണമാണ് അയാള്‍ ജനിച്ച വംശത്തെയും ആ അവസ്ഥയെയും പരിഹസിക്കുന്നത്. ഇത് വളരെ ക്രൂരമാണ്, മനുഷ്യനെ വിഷാദത്തിന് അടിമയാക്കാന്‍ വരെ ഇതിന് കഴിയും. നമ്മളെല്ലാവരും ആദ്യം മനുഷ്യരായിരിക്കണം’ സാമുവല്‍ പറയുന്നു.’ഒരുപാട് പേര്‍ ഈ മീം ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും തന്നെ ടാഗ് ചെയ്തിട്ടുണ്ട്, ഇത് തമാശയില്‍ നിന്നും ഏറെ അകലെയാണ്’സാമുവല്‍ തുടര്‍ന്നു.

മറുപടി നല്‍കികൊണ്ട് ഈ പോസ്റ്റിനെ ഒരു മഹത്വവത്കരിക്കാനല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. ഈ മനുഷ്യര്‍ക്ക് എന്തിന്റെ കുഴപ്പമാണ്. മലയാളികള്‍ വളരെ നല്ലവരാണ് എനിക്കവിടെ നല്ല സുഹൃത്തുക്കളുമുണ്ട്. പക്ഷെ ഇത് മലയാളികളില്‍ അത്ര നല്ല പ്രതിഫലനമല്ല ഉണ്ടാക്കുക. ഞാനിതുവരെ അനുഭവിച്ചിട്ടുള്ള ഏറ്റവും പ്രകടമായ വംശീയാധിക്ഷേപം ആണ് ഇത്. പരിണാമ കാലത്തിന്റെ ആരംഭ കാലത്ത് തന്നെ നില്‍ക്കുന്ന ചിലരാണ് എന്നെ മൃഗമായി താരതമ്യപ്പെടുത്തിയിരിക്കുന്നതെന്നതാണ് വിരോധാഭാസം.

എല്ലാ കറുത്ത വര്‍ഗക്കാരും നേരിടേണ്ടി വരുന്ന വലിയ അസംബന്ധം ആണിത്. ഈ പോസ്റ്റാണ് ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വെറുപ്പുളവാക്കുന്നത്. ഇതൊരു തമാശയാണെന്ന് പറയുന്നവരോട്..ഒരാളെ ഗോത്രത്തിന്റെ പേര് പറഞ്ഞ് അധിക്ഷേപിക്കുന്നത് ഒരു കാലത്തും സ്വീകാര്യമല്ല. സാമുവല്‍ പറയുന്നു.സുന്ദരമായ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഇത് പോലെയുള്ള വംശീയമായ തമാശ ടാഗ് ചെയ്യുന്നത് കാണുന്നതൊന്ന് സങ്കല്‍പ്പിച്ച് നോക്കൂ എന്ന് പറഞ്ഞാണ് സാമുവല്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

പോസ്റ്റിന് ശേഷം ഫേസ്ബുക്ക് ലൈവിലൂടെ വന്ന സാമുവല്‍ ഇത് വളരെയധികം വേദനിപ്പിക്കുന്നതാണെന്നും കേരളത്തിലായിരുന്നെങ്കില്‍ പൊലീസിന് പരാതി നല്‍കുമായിരുന്നെനും പറയുന്നു. സാമുവല്‍ അഭിനയിച്ച ‘പര്‍പ്പിള്‍’ എന്ന സിനിമ വൈകാതെ തന്നെ മലയാളത്തില്‍ റിലീസ് ചെയ്യുന്നുണ്ട്. സമ്പൂര്‍ണ സാക്ഷരത നേടിയെന്ന് അഹങ്കരിക്കുന്ന മലയാളികളുടെ വികലമായ മനസിനെയാണ് ഇത് കാണിക്കുന്നതെന്ന കമന്റുകളും വരുന്നുണ്ട്.

Related posts