എല്‍ഡിഎഫ് ഹിന്ദുക്കളെ ദ്രോഹിച്ചെന്ന് എടുത്ത് പറഞ്ഞ് വോട്ടുപിടിക്കല്‍! ഞങ്ങള്‍ ലോകവിവരം എല്ലാം അറിഞ്ഞ് തന്നെയാണെന്ന് ജീവിക്കുന്നതെന്ന് വോട്ടര്‍മാര്‍; കുമ്മനത്തിന് വോട്ട് ചോദിച്ചെത്തിയവരെ കണ്ടം വഴി ഓടിച്ച് നാട്ടുകാര്‍; വീഡിയോ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് രാജ്യം കടന്നുകഴിഞ്ഞു. എങ്ങും സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പ്രചാരണങ്ങളും വോട്ടു പിടുത്തവും എല്ലാം തകൃതിയായി നടക്കുന്നു. എന്നാല്‍ നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും എത്ര തന്നെ കിണഞ്ഞ് പരിശ്രമിച്ചാലും ജനങ്ങളെ ഒരു തരത്തിലും കബളിപ്പിക്കാനാവില്ലെന്ന സൂചന നല്‍കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ജനങ്ങള്‍ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചുകൊണ്ടാണ് ഇരിക്കുന്നതെന്നും അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിച്ച് വോട്ട് നേടാം എന്ന് ചിന്തിക്കേണ്ടതില്ലെന്നും വ്യക്തമാക്കുന്നുണ്ട്, വീഡിയോയില്‍ കാണുന്ന വ്യക്തികള്‍.

ലോകസഭയിലെ തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ വോട്ടര്‍മാര്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയാണിത്. ശബരിമല, തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി എടുത്ത തീവ്ര ഹിന്ദുത്വ, കുത്തകവല്‍ക്കരണ നിലപാടുകളെ ചോദ്യം ചെയ്താണ് വോട്ടര്‍മാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ പ്രതിരോധിച്ചത്.

ഒടുക്കം മറുപടിയൊന്നും പറയാന്‍ കിട്ടാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ തിരിച്ചു പോകുകയായിരുന്നു. സി.പി.ഐ.എം ഹിന്ദുക്കളെ ദ്രോഹിച്ചു എന്ന് പറഞ്ഞാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടുചോദിയ്ക്കാന്‍ എത്തിയത്. ഹിന്ദുക്കളെ എന്തിനാണ് ദ്രോഹിച്ചത് എന്ന് പറഞ്ഞാണ് വോട്ടര്‍മാര്‍ ബി.ജെ.പി പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.

ഇവിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു ആചാരം ഉണ്ടായിരുന്നല്ലോ. അത് സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ നിങ്ങള്‍ ഒന്നുംമിണ്ടിയില്ലല്ലോ. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ. ആ വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്. അപ്പോ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ’- വോട്ടര്‍മാരിലൊരാള്‍ ബി.ജെ.പി പ്രവര്‍ത്തകരോട് ചോദിച്ചു.

വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബി,ജെ.പി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബി.ജെ.പിക്കാരന്‍ പറയുമ്പോള്‍, എങ്ങനെയാണ് ലേലത്തിന്റെ മാനദണ്ഡം എന്ന് വോട്ടര്‍ തിരിച്ചു ചോദിക്കുമ്പോള്‍ പലപ്പോഴും ബി.ജെ.പിക്കാര്‍ക്ക് ഉത്തരം മുട്ടുന്നുണ്ട്.

വോട്ടര്‍ പറയുന്നു, ‘ശബരിമലയിലെ കേസില്‍ നിങ്ങളുടെ എം.എല്‍.എമാരും മന്ത്രിമാരും ആദ്യം പറഞ്ഞിരുന്നത് വിധി സ്വാഗതം ചെയ്യുന്നു എന്നല്ലേ. എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകളും കയറണം എന്നല്ലേ. സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ നിങ്ങള്‍ എതിരു പറഞ്ഞു. നിങ്ങള്‍ക്ക് ഈ ക്യാമറയുടെ മുമ്പില്‍ പറയാന്‍ പറ്റോ കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പിന് ആയുധമായി ശബരിമല എടുക്കുന്നൂവെന്ന്’.

ഇതിനു മറുപടിയായി ശബരിമലയില്‍ ഭക്തര്‍ക്കൊപ്പം ബി.ജെ.പി നില്‍ക്കുമെന്ന തിരഞ്ഞെടുപ്പ് ലഘുരേഖ പ്രവര്‍ത്തകന്‍ എടുത്തു കാണിക്കുന്നുണ്ട്. പിറവം പള്ളിയില്‍ പോയി സര്‍ക്കാര്‍ ആചാരം സംരക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പിക്കാര്‍ ചോദിക്കുമ്പോള്‍ പിറവം പള്ളി സര്‍ക്കാരിന്റെ വകയല്ലെന്ന് വോട്ടര്‍ മറുപടി പറയുന്നുണ്ട്.

ശബരിമലയില്‍ എന്റെ ഭാര്യക്കും സഹോദരിക്കും കയറണമെന്ന് ആഗ്രഹമുണ്ടെന്ന് വോട്ടര്‍ പറയുമ്പോള്‍ 40 ദിവസം വ്രതമെടുത്തു വേണം പോകാനെന്ന് ബി.ജെ.പിക്കാര്‍ തിരിച്ചുപറയുന്നുണ്ട്.

ഒരു വ്രതത്തിന്റേയും കഥ പറയേണ്ട. വ്രതം എടുത്ത് അവിടെ സംരക്ഷിക്കാന്‍ പോയവന്മാര്‍ക്കൊന്നും താടിയില്ലല്ലോ. അതൊന്നും എന്താ നിങ്ങള് പറയാത്തതെന്ന് വോട്ടര്‍ ചോദിക്കുന്നു. ഇത് കേട്ടതും വോട്ടു ചോദിക്കാനെത്തിയവര്‍ മടങ്ങിപ്പോകുകയായിരുന്നു.

സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായി കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനമുണ്ടായത്. കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരമെന്നും അവിടെ ഏറ്റവും സാധ്യത കുമ്മനം രാജശേഖരനാണെന്നുമാണ് ആര്‍.എസ്.എസ് വിലയിരുത്തല്‍.

 

Related posts