നീരവ് മോദി തട്ടിപ്പിനിരയാക്കിയത് ലാല്‍ ബഹദൂര്‍ ശാസ്ത്രി 5000 രൂപ വായ്പയെടുത്ത ബാങ്ക് ! അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശാസ്ത്രി വായ്പയെടുക്കാനുണ്ടായ കാരണം ഇതാണ്…

 

ന്യൂഡല്‍ഹി:നീരവ് മോദി എന്ന വജ്രവ്യാപാരി 11,400 കോടി രൂപ തട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഒരു കാലത്ത് ഒരു മുന്‍ പ്രധാനമന്ത്രിയും വായ്പ്പയെടുത്തിരുന്നുവെന്ന വിവരം പുറത്ത്. ലളിത ജീവിതം കൊണ്ടു ലോകത്തിനു മാതൃകയായ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണു കഥയിലെ നായകന്‍.

പിഎന്‍ബിയില്‍നിന്ന് 5000 രൂപയാണു ശാസ്ത്രി കാര്‍ വായ്പയെടുത്തത്. പക്ഷേ തിരിച്ചടവു തീരും മുന്‍പേ അദ്ദേഹം മരിച്ചു. ബാക്കി തുക അദ്ദേഹത്തിന്റെ ഭാര്യ ലളിത അവരുടെ പെന്‍ഷന്‍ തുകയില്‍നിന്നാണു തിരിച്ചടച്ചത്. ശാസ്ത്രിയുടെ മകന്‍ അനില്‍ ശാസ്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘1964 ലാണു സംഭവം. സെന്റ് കൊളംബസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ കാറിലായിരുന്നു ഞങ്ങള്‍ പോയിരുന്നത്. ഓഫിസ് കാറാണ് ഉപയോഗിച്ചത്. എന്നാല്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്നായിരുന്നു അച്ഛന്റെ നിലപാട്. തുടര്‍ന്നു വീട്ടിലേക്കു മാത്രമായൊരു കാര്‍ വാങ്ങാമെന്നു തീരുമാനിച്ചു’- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ അനില്‍ ശാസ്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി വി.എസ് വെങ്കട്ടരാമന്‍ കാറിനെപ്പറ്റി തിരക്കിയപ്പോള്‍ 12,000 രൂപയാകും. പക്ഷെ കുടുംബത്തിന്റെ കൈവശം 7,000 രൂപയേ ഉള്ളൂ. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രി ശാസ്ത്രി 5,000 രൂപ വായ്പയ്ക്കു പിഎന്‍ബിയില്‍ അപേക്ഷിച്ചത്. അന്നുതന്നെ വായ്പ അനുവദിച്ചു. അങ്ങനെ 1964 മോഡല്‍ ക്രീം നിറമുള്ള ഫിയറ്റ് കാര്‍ ശാസ്ത്രിയുടെ വീട്ടിലെത്തി.

പക്ഷേ, 1966 ജനുവരി 11ന് ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്‌കന്റില്‍ വച്ച് ശാസ്ത്രി ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചതോടെ വായ്പാ തിരിച്ചടവു മുടങ്ങി. പെന്‍ഷന്‍ തുകയില്‍നിന്നു മാതാവാണു ബാക്കി പണം തിരിച്ചടച്ചതെന്നും അനില്‍ പറഞ്ഞു. ഡിഎല്‍ഇ-6 എന്ന നമ്പരുള്ള കാര്‍ ഡല്‍ഹിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ബ്രിട്ടിഷ് ഭരണകാലത്തു സ്വദേശി ബാങ്ക് എന്ന ആശയം ഉള്‍ക്കൊണ്ട് 1894ല്‍ ആണു പിഎന്‍ബി സ്ഥാപിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായിരുന്ന പഞ്ചാബ് സിംഹം ലാലാ ലജ്പത് റായ് ഉള്‍പ്പെടെയുള്ളവര്‍ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായിരുന്നു. ഇങ്ങനെ മഹത്തായൊരു പാരമ്പര്യമുള്ളൊരു ബാങ്കിനെയാണ് നീരവ് മോദി തട്ടിപ്പിനിരയാക്കിയത്.

 

 

Related posts