ലണ്ടൻ: കത്തിയാക്രമണങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പൊതുമാപ്പ് പദ്ധതി പ്രകാരം ജനങ്ങൾ ആയിരത്തോളം മൂർച്ചയേറിയ ആയുധങ്ങൾ തിരി ച്ചുനല്കിയതായി ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
കത്തിയാക്രമണങ്ങൾ ഭീകരമായി വർധിച്ച പശ്ചാത്തലത്തിലാണു പദ്ധതി പ്രഖ്യാപിച്ചത്. പത്തു വർഷത്തിനിടെ ഇംഗ്ലണ്ടിലും വെയ്ൽസിലും കത്തിയാക്രമണങ്ങൾ 87 ശതമാനം വർധിച്ചുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷം മാത്രം 54,587 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ വർഷം ജൂലൈയിൽ വടക്കൻ ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ നൃത്തപരിപാടിക്കിടെ ഉണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ബ്രിട്ടീഷ് സർക്കാർ നടപടികൾ കർശനമാക്കിയത്. ജാപ്പനീസ് വാളുകൾ പോലുള്ള മൂർച്ചയേറിയ ആയുധങ്ങളുടെ വില്പനപ്പരസ്യങ്ങൾ ഓൺലൈനിൽ കാണിച്ചാൽ പിഴ നേരിടേണ്ടിവരുമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്കു സർക്കാർ മുന്നറിയിപ്പു നല്കി.