ആഗോളതാപനം ലോകത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡിനെ അലിയിച്ചു കളയുമോ ? ആല്‍പ്‌സിന്റെ മടിത്തട്ടിലുള്ള രാജ്യത്ത് മഞ്ഞുരുകല്‍ അതിരൂക്ഷം; സ്ഥിതിഗതികള്‍ ഇങ്ങനെ…

ലോകത്തിലെ സുന്ദരഭൂമികളില്‍ ഒന്നാണ് സ്വിറ്റ്‌സര്‍ലന്‍ഡ്. മഞ്ഞുമൂടിയ ആല്‍പ്‌സിന്റെ മടിത്തട്ടില്‍ കഴിയുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആ മനോഹാരിതയ്ക്ക് മുഖ്യകാരണം. മഞ്ഞിലെ സ്‌കീയിങ്ങിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാം സ്ഥാനത്താണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്ഥാനം. മഞ്ഞുമൂടിയ മലനിരകള്‍ സ്വിസ് ടൂറിസത്തിന്റെ വികസനത്തിനു നല്‍കുന്ന സഹായം ചെറുതൊന്നുമല്ല. മഞ്ഞില്ലെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്ല എന്നുതന്നെ പറയാം. ലോകോത്തര സ്‌കീയിങ് റിസോര്‍ട്ടുകളും മഞ്ഞുമൂടിയ പര്‍വത നിരകളുടെ സുന്ദര കാഴ്ചകളും സ്വിറ്റ്‌സര്‍ലന്‍ഡിനു നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ വലിയൊരു ഭൂരിപക്ഷം മഞ്ഞും ഉരുകിയില്ലാതായെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തെ സാറ്റലൈറ്റ് ഡേറ്റ പരിശോധിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഞെട്ടിക്കുന്ന ഈ വിവരം കണ്ടെത്തിയത്. രാജ്യത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ മഞ്ഞ് നഷ്ടപ്പെട്ടിരിക്കുന്നതെന്നതാണു ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നത്. ഇതിനു കാരണവും മറ്റൊന്നുമല്ല, ആഗോളതാപനം തന്നെ. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊത്തം പ്രദേശത്തെ മഞ്ഞിന്റെ അവസ്ഥയും ഗവേഷകര്‍ പരിശോധിച്ചു. ഇതിനായി 22 വര്‍ഷത്തെ സാറ്റലൈറ്റ് ഡേറ്റയാണു വിശകലനം ചെയ്തത്. അതിന്റെയും ഫലം ഞെട്ടിക്കുന്നതായിരുന്നു.

5000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പ്രദേശത്തു നിന്ന് മഞ്ഞ് അപ്രത്യക്ഷമായിക്കഴിഞ്ഞു. അതും ഇക്കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ മാത്രം! സ്വിറ്റ്‌സര്‍ലന്‍ഡിലെ 35 ശതമാനം വരുന്ന പ്രദേശത്ത് 1995നും 2005നും ഇടയ്ക്ക് ഒന്നുകില്‍ ഒട്ടും മഞ്ഞില്ലാതിരിക്കുകയോ അല്ലെങ്കില്‍ വളരെ തുച്ഛം മഞ്ഞു ലഭിക്കുകയോ ചെയ്ത അവസ്ഥയായിരുന്നു. മഞ്ഞുവീഴ്ചയ്ക്ക് വളരെ കുറച്ചു സാധ്യതയേ ഈ കാലയളവില്‍ ഉണ്ടായിരുന്നുള്ളൂ. സാധ്യതയുടെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം അവസ്ഥ പിന്നെയും പരിതാപകരമായി. കൃത്യമായ കണക്കുകളും അതു സംബന്ധിച്ചുണ്ടായിരുന്നു.

മഞ്ഞു വീഴാന്‍ 80 മുതല്‍ 100 ശതമാനം വരെ സാധ്യതയുള്ള ‘എറ്റേണല്‍ സ്‌നോ സ്‌നോണ്‍’ മേഖലകള്‍ ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ കാല്‍ ഭാഗത്തിലേറെയും. 1995 മുതല്‍ 2005 വരെയുള്ള കണക്കു പ്രകാരമാണിത്. എന്നാല്‍ ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടെ മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യത, ഇതേ സോണുകളില്‍, വെറും 15 ശതമാനത്തിലേക്കു താഴ്ന്നു. അതായത് ഏകദേശം 2200 ച.കി.മീ. വരുന്ന പ്രദേശം. ആഗോളതാപനം തന്നെയാണ് അതിനും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒന്നാംനിര സ്‌കീയിങ് റിസോര്‍ട്ടുകളെയും പ്രശ്‌നം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആല്‍പ്‌സ്, യുറ പര്‍വത പ്രദേശങ്ങളിലാണ് ഇത് ഏറ്റവും രൂക്ഷം. റോണ്‍ വാലിയില്‍ ഇതിന്റെ ഏറ്റവും പ്രകടമായ തെളിവുകളുണ്ടെന്നും പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ജനീവയിലെ ഗവേഷകര്‍ പറയുന്നു.

സ്വിസ് ഡേറ്റ ക്യൂബ് സംവിധാനത്തിലൂടെയാണ് വിശകലനത്തിലുള്ള സാറ്റലൈറ്റ് ഡേറ്റ ഗവേഷകര്‍ സ്വന്തമാക്കിയത്. കഴിഞ്ഞ 34 വര്‍ഷത്തെ 6500-ലേറെ ചിത്രങ്ങളാണ് ഡേറ്റ ശേഖരത്തിലുള്ളത്. ഒരു പ്രദേശത്തെ തന്നെ പല കാലങ്ങളിലെ ചിത്രങ്ങള്‍ ഒന്നൊന്നായി പരിശോധിച്ചപ്പോഴാണ് ഈ ഭീകരാവസ്ഥ വെളിപ്പെട്ടത്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റുകള്‍ ഇത്തരത്തില്‍ ഒരു പ്രദേശത്തിന്റെ തന്നെ പല കാലങ്ങളിലെ ചിത്രങ്ങള്‍ കൃത്യമായി എടുത്തിട്ടുമുണ്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രളയം, കുടിവെള്ള ക്ഷാമം തുടങ്ങിയ പ്രശ്‌നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമായെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. സ്വിസ് കാലാവസ്ഥയില്‍ മാത്രമല്ല, സാമ്പത്തികഭദ്രതയിലും കാലാവസ്ഥയ്ക്ക് നിര്‍ണായക സ്വാധീനമുള്ളതിനാല്‍ നയരൂപീകരണത്തിന്റെ കാര്യത്തിലും ഇനി മാറിച്ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഗവേഷകരുടെ വാക്കുകള്‍. യൂറോപ്പിലെ കാഷ്മീര്‍ എന്നറിയപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡില്‍ വന്നു ഭവിച്ചിരിക്കുന്ന ഈ അവസ്ഥ പലരീതിയിലും ലോകത്തെയാകെമാനം ബാധിക്കാന്‍ സാധ്യതയുണ്ട് എന്നാണ് പരക്കെ വിലയിരുത്തപ്പെടുന്നത്.

Related posts