ലാറ്റിനമേരിക്കൻ പിങ്ക് വസന്തം കുമരകം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷവും പൂത്തുലഞ്ഞു. 108 വർഷം പഴക്കമുള്ള കുമരകം ഗവൺമെന്റ് ഹൈസ്കൂളിന്റെ ഓഫീസ് മുറിയോടു ചേർന്ന് എല്ലാ വർഷവും ഫെബ്രുവരി മാസാദ്യമാണ് തബീബിയ പുഷ്പിക്കുന്നത്. 1997-98 കാലഘട്ടത്തിലാണ് ഈ ചെടി സ്കൂളിൽ നട്ടതെന്നാണ് കരുതപ്പെടുന്നത്.
ഒരിലപോലും ഇല്ലാതെ പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുന്ന തബീബിയ വസന്തത്തിന് രണ്ടാഴ്ചയോളം മാത്രമേ ഭംഗി പകരാനാകൂ. താജ് ഹോട്ടലിലെത്തിയ ലാറ്റിനമേരിക്കൻ വിനോദസഞ്ചാരിയാണ് കുമരകത്ത് തബീബിയ എത്തിച്ചതെന്നു പറയപ്പെടുന്നു.
തബീബിയ റോസിയാ എന്നതാണിതിന്റെ ശാസ്ത്ര നാമം . എല്ലാവർഷവും ഫെബ്രുവരി ആദ്യം ധാരാളം ആളുകൾ ഈ മനോഹര കാഴ്ച കാണാനും ചെടിയുടെ സമീപം നിന്ന് ഫോട്ടോ എടുക്കാനും സ്കൂളിൽ എത്തുന്നുണ്ട്.
