കോരുത്തോട്: കോരുത്തോട് പഞ്ചായത്തിലെ കോസടി കൊട്ടാരംകട ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാത്രിയിൽ കൊട്ടാരംകട സ്വദേശി മുത്തോട്ട് വിജീഷിന്റെ നായയെ അജ്ഞാത ജീവി ആക്രമിച്ച് കൊന്നിരുന്നു.
വീടിനോട് ചേർന്ന് തുടലിൽ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും ദേഹത്തും മുറിവുകളുണ്ട്. വീടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാൽപ്പാടും കണ്ടെത്തി. വനംവകുപ്പിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തുടർന്ന് പ്രദേശത്ത് കാമറയും സ്ഥാപിച്ചു.
കൊച്ചുകുട്ടികളടക്കം താമസിക്കുന്ന വീടിനോട് ചേർന്നാണ് പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണിത്. കഴിഞ്ഞദിവസം സമീപപ്രദേശമായ മാങ്ങാപ്പാറയിലും പുലിയുടെ ആക്രമണത്തിൽ വളർത്തുനായ ചത്തതായി നാട്ടുകാർ പറയുന്നു.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. വനം വകുപ്പിന്റെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം ശക്തമാക്കണമെന്നും കൂടുവച്ച് പുലിയെ പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
