പോര്‍ട്ട് എലിസബത്ത്: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 140 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്നത് 2,243 മത്സരങ്ങള്‍. ഇതിനിടെ 10,000 റണ്‍സ് തികച്ച ബാറ്റ്‌സ്മാന്മാരെയും 500 വിക്കറ്റ് പൂര്‍ത്തിയാക്കിയ ബാറ്റ്‌സ്മാന്മാരെയും ക്രിക്കറ്റ് ലോകം കണ്ടു. എന്നാല്‍, ദക്ഷിണാഫ്രിക്കശ്രീലങ്ക ഒന്നാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഹഷിം അംല ഒരു അപൂര്‍വനേട്ടത്തില്‍ പങ്കാളിയായി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ എല്‍ബിഡബ്ല്യു ആയി പുറത്താകുന്ന പതിനായിരാമത്തെ ബാറ്റ്‌സ്മാന്‍ എന്ന പേര് ദക്ഷിണാഫ്രിക്കയുടെ അംലയ്ക്കു സ്വന്തം. അംലയെ വിക്കറ്റിനു മുന്നില്‍കുടുക്കി ലങ്കന്‍ ബൗളര്‍ നുവാന്‍ പ്രദീപും ചരിത്രത്തിന്‍റെ ഭാഗമാകുന്നതാണ് പോര്‍ട്ട് എലിസബത്തില്‍ കണ്ടത്.
എല്‍ബിഡബ്ല്യുവിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്‌സ്മാന്‍ ഇംഗ്ലണ്ടിന്‍റെ ഹാരി ജപ് ആണ്. വിക്കറ്റ് നേടിയത് ഓസ്‌ട്രേലിയയുടെ ടോം ഗരെത്തും. 1876ലാണിത്. 1932ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വാള്‍ട്ടര്‍ റോബിന്‍സിനു മുന്നില്‍ കുടുങ്ങി പുറത്തായ നൗമല്‍ ജഊമലാണ് എല്‍ബിഡബ്ല്യു ആയി പവലിയന്‍ പൂകിയ ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. അതേ ടെസ്റ്റില്‍ സി.കെ. നായിഡു എല്‍ബിഡബ്ല്യുവിലൂടെ എതിരാളിയെ പുറത്താക്കി ഈ രീതിയില്‍ വിക്കറ്റ് നേടിയ ആദ്യ ഇന്ത്യന്‍ ബൗളറായി.
ഇന്ത്യയുടെ അനില്‍ കുംബ്ലെയാണ് എല്‍ബിഡബ്ല്യുവിലൂടെ ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കിയ ബൗളര്‍, 156 എണ്ണം. ലങ്കയുടെ മുത്തയ്യ മുരളീധരന്‍ (150), ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ (138) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഏറ്റവും അധികം തവണ എല്‍ബിഡബ്ല്യുവിലൂടെ ടെസ്റ്റില്‍ പുറത്തായ റിക്കാര്‍ഡ് ഇന്ത്യയുടെ സച്ചിന്‍ തെണ്ടുല്‍ക്കറിനാണ്, 63 തവണ. വെസ്റ്റ് ഇന്‍ഡീസിന്‍റെ ശിവനരേന്‍ ചന്ദര്‍പോളാണ് (55 തവണ) രണ്ടാമത്.