ഗൗട്ട്
ഗൗട്ട് എന്ന തരം ആര്‍ത്രൈറ്റിസില്‍(സന്ധി വാതം) ചില പ്രത്യേക ആഹാര പദാര്‍ഥങ്ങള്‍ കഴിച്ചതിനു ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടല്മീനുകള്, ബീഫ്, കൂടാതെ പച്ചക്കറികളായ കോളിഫ്ളവര്‍, ചീര, കൂണ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ആദ്യഘട്ടങ്ങളില്‍ വേദനയുണ്ടാകുന്നത് ഒരു സന്ധിയില്‍ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്ക് ഇവ പടരുകയും ശരീരം തീരെ അനക്കാന്‍ സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം.
ഗൗട്ട് ഉണ്ടാകുന്നത്
ശരീരത്തിലുള്ള ഡിഎന്‍എയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിന്‍. പ്യൂരിന്റെയും മറ്റുചില ആഹാര പദാര്‍ഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോല്പ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് നമ്മുടെ സന്ധിക്കുള്ളില്‍ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.
സന്ധിവാതം-കാരണങ്ങൾ
അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താല്‍ സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസാന്‍ ഇടയാകും.
രോഗപ്രതിരോധ സംവിധാനത്തില്‍ വ്യത്യാസങ്ങൾ
രോഗങ്ങള്‍ക്കെതിരെ ചെറുത്തു നില്ക്കാന് നമ്മളെ സഹായിക്കുന്ന ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ ഉള്‍പ്പെടുന്നതാണ് ആമവാതം, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആര്‍ത്രൈറ്റിസ് എന്നിവയെല്ലാം.
ആര്‍ത്രൈറ്റിസ് വാര്‍ധക്യ സഹജമായ രോഗമാണോ?
സാധാരണയായി പ്രായമേറിയവരിലാണ് സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു.
(തുടരും)
വിവരങ്ങൾ:
ഡോ. അനൂപ് എസ്. പിള്ള, സീനിയർ കൺസൾട്ടന്റ്
ഓർത്തോപീഡിക് സർജൻ, എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം തിരുവനന്തപുരം