തെരുവുനായയെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയ്ക്ക് അകാലചരമം ! നാട്ടുകാര്‍ ഭക്ഷണം നല്‍കി വളര്‍ത്തിയ കരുത്തനായ ‘നായ’ പുള്ളിപ്പുലിയെ കടിച്ചു കുടഞ്ഞു…

തെരുവുനായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ ആരു ജയിക്കുമെന്ന കാര്യത്തില്‍ കൊച്ചുകുട്ടികള്‍ക്കു പോലും സംശയമുണ്ടാകില്ല. എന്നാല്‍ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

തെരുവുനായയെ ഭക്ഷണമാക്കാനെത്തിയ പുള്ളിപ്പുലിയ്ക്ക് ഒടുവില്‍ അതേ തെരുവുനായയുടെ ആക്രമണത്തില്‍ അകാലചരമം സംഭവിക്കുകയാണുണ്ടായത്.

വെള്ളിയാഴ്ചയാണ് തെരുവുനായയെ ആക്രമിക്കാനെത്തിയ പുള്ളിപ്പുലി നായയുടെ ആക്രമണത്തില്‍ ചത്തത്. ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കുകളേറ്റ നായയും കുറെകഴിഞ്ഞ് ചത്തു. നായയും പുള്ളിപ്പുലിയും തമ്മില്‍ ഏറ്റുമുട്ടിയിട്ടുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി.

പ്രാഥമിക ലക്ഷണത്തില്‍ നായയുടെ ആക്രമണത്തിലാണ് പുള്ളിപ്പുലി ചത്തതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അറിയിക്കുന്നു. നായയുടേയും പുള്ളിപ്പുലിയുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. ആറുമാസത്തോളം പ്രായമുള്ള പുള്ളിപ്പുലിയാണ് ചത്തിട്ടുള്ളത്.

കന്നുകാലികളെ ആളുകള്‍ സംരക്ഷിക്കുന്ന സാഹചര്യത്തിലാകാം വന്യമൃഗങ്ങള്‍ തെരുവുനായകള്‍ക്കെതിരെ തിരിയുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. സാധാരണ നിലയില്‍ തെരുവുനായകളെ ആക്രമിച്ച് വീഴ്ത്താന്‍ പുള്ളിപ്പുളികള്‍ക്ക് നിസാരമായി സാധിക്കും.

നിരവധി തെരുവുനായകളുള്ള ഗ്രാമങ്ങളിലേക്കും പുള്ളിപ്പുലി പോലുള്ള വന്യമൃഗങ്ങള്‍ എത്താറുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുരച്ച് ബഹളമുണ്ടാക്കുന്ന നായ്ക്കളെ ആക്രമിച്ച് കഴുത്തിന് പിടികൂടിയാണ് സാധാരണ ഗതിയില്‍ പുള്ളിപ്പുലി ഉള്‍പ്പെടെയുള്ളവ കൊല്ലാറുള്ളത്.

എന്നാല്‍ ഇത്, ഏവരെയും അമ്പരപ്പിക്കുന്നത് കൂടിയാണെന്ന് അധികൃതര്‍ പറയുന്നു. ഗ്രാമത്തിലുള്ളവര്‍ സ്ഥിരമായി ഭക്ഷണം നല്‍കുന്ന കരുത്തനായ നായയുടെ ശൗര്യത്തിനു മുമ്പില്‍ പുള്ളിപ്പുലിയ്ക്ക നഷ്ടമായത് സ്വന്തം ജീവനായിരുന്നു.

Related posts

Leave a Comment